ബോധവത്കരണ സ്‌കിറ്റ് മത്സരം, മെഴുകുതിരി തെളിക്കല്‍, പ്രതിജ്ഞ
ലോക എയ്ഡ്സ് വിരുദ്ധദിനത്തോടനുബന്ധിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസ്, വിവിധ വകുപ്പുകള്‍, സംഘടനകള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ജില്ലയില്‍ വിപുലമായ രീതിയില്‍ ലോകഎയ്ഡ്സ് വിരുദ്ധദിനാചരണം നടത്തും. ഇതുമായി ബന്ധപ്പെട്ട നവംബര്‍ 27 ന് ഹയര്‍ സെക്കന്‍ഡറി വി.എച്ച്.എസ്.ഇ നഴ്സിംഗ് ഹെല്‍ത്ത് വിദ്യാര്‍ത്ഥികള്‍ക്കായി സ്‌കിറ്റ് മത്സരം നടക്കും. 30 ന് വൈകിട്ട് ആറിന് ജില്ലാ ആശുപത്രി പരിസരത്ത് മെഴുകുതിരി തെളിക്കല്‍, പ്രതിഞ്ജ എന്നിവ നടക്കും. ഉദ്ഘാടനം നഗരസഭാ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന്‍ നിര്‍വഹിക്കും. ഡിസംബര്‍ ഒന്നിന് രാവിലെ എട്ടുമണിക്ക് ജില്ലാ ആശുപത്രിയില്‍ നിന്നും താരേക്കാട് ചെമ്പൈ സംഗീത കോളേജ് പരിസരത്തേക്ക് എന്‍.എസ്.എസ് , എന്‍.സി.സി പോലീസ് കേഡറ്റ്, സ്‌കൗട്ട്-നേഴ്സിങ് വിദ്യാര്‍ത്ഥികള്‍, കുടുംബശ്രീ അങ്കണവാടി പ്രവര്‍ത്തകര്‍ ,പൊതുജനങ്ങളെ ഉള്‍പ്പെടുത്തി ബോധവല്‍ക്കരണ റാലിയും രാവിലെ 10 ന് ചെമ്പൈ സംഗീത കോളേജ് എം.ഡി രാമനാഥന്‍ ഹാളില്‍ ലോക എയ്ഡ്സ് വിരുദ്ധദിനാചരണം ഉദ്ഘാടനവും നടക്കും. തുടര്‍ന്ന് ഒലവക്കോട് റെയില്‍വേസ്റ്റേഷന്‍ സുരക്ഷാ പ്രോജക്ട് സംബന്ധിച്ച പ്രദര്‍ശനവും മൊബൈല്‍ മെഡിക്കല്‍ സേവനവും നടക്കും. ഇതുമായി ബന്ധപ്പെട്ട് കലക്ടറേറ്റില്‍ നടന്ന യോഗത്തില്‍ ഡെപ്യൂട്ടി കലക്ടര്‍(എല്‍.ആര്‍) പി.സെയ്തലി, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ.എ.നാസര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു.