സുൽത്താൻ ബത്തേരി ഓടപ്പള്ളം ഗവ. ഹൈസ്‌കൂൾ വിദ്യാർത്ഥികൾ ഇംഗ്ലീഷ് പഠിക്കുകയാണ്, യൂറോപ്പിലെ കൂട്ടുകാർക്കൊപ്പം. സ്‌കൂളിൽ തുടങ്ങിയ സ്മാർട്ട് ഇംഗ്ലീഷ് ലാബ് പ്രവർത്തനങ്ങളോടനുബന്ധിച്ച് ആവിഷ്‌കരിച്ച പ്രത്യേക പദ്ധതി വഴി സ്‌പെയിൻ, പോളണ്ട്, റഷ്യ എന്നി രാജ്യങ്ങളിലെ സ്‌കൂൾ കുട്ടികളുമായി ഓടപ്പള്ളത്തെ വിദ്യാർത്ഥികൾ കത്തുകളും കാർഡുകളും കൈമാറി. പോളണ്ടിലെ ജോസഫ് പിൽസുട്‌സ്‌കി സ്‌കൂൾ, റഷ്യയിലെ ബ്രയോസ്‌ക് സിറ്റി ലൈസിയം സ്‌കൂൾ, സ്‌പെയിനിലെ ബിസ്‌കോത് സാൽദേ സ്‌കൂൾ എന്നി വിദ്യാലയങ്ങളിൽ നിന്നുള്ളവരാണ് ഇപ്പോൾ ഓടപ്പള്ളത്തെ കുട്ടികളുടെ കൂട്ടുകാർ.
പോളണ്ടിൽ നിന്ന് കഴിഞ്ഞ ദിവസം ലഭിച്ച കത്തുകൾ ഏറെ കൗതുകത്തോടെയാണ് കുട്ടികൾ വായിച്ചു തീർത്തത്. ഇവർക്കായി മറുപടി കത്തുകളും ഗ്രീറ്റിംഗ് കാർഡുകളും കേരളീയ കലാരൂപങ്ങളുടെ ഇംഗ്ലീഷിലുള്ള വിവരണങ്ങളും ചിത്രങ്ങളും അയച്ചു. സ്‌പെയിനിലേക്ക് കുട്ടികൾ തയ്യാറാക്കിയ കത്തുകളും ഇംഗ്ലീഷിൽ തയ്യാറാക്കിയ ഡോക്യുമെന്ററിയും അയച്ചിരുന്നു. മറുപടിയായി സ്‌പെയിനിലെ കുട്ടികൾ ഓടപ്പള്ളം സ്‌കൂളിലേക്ക് വീഡിയോ സന്ദേശവും കൈമാറി. റഷ്യയിലെ കൂട്ടുകാർ ഓടപ്പള്ളത്തെ കുട്ടികൾക്കായി അവരുടെ നഗരത്തിലെ പാർക്കുകളെപ്പറ്റിയുള്ള വിവരണങ്ങളും ചിത്രങ്ങളും തയ്യാറാക്കുന്ന തിരക്കിലാണിപ്പോൾ.
ഓടപ്പള്ളം സ്‌കൂളിലെ മുഴുവൻ കുട്ടികളെയും പരിപാടിയുടെ ഭാഗമാക്കിയിട്ടുണ്ട്. ഭാഷ കൈകാര്യം ചെയ്യാൻ സ്വാഭാവിക അവസരമൊരുക്കി ഇംഗ്ലീഷ് പഠനത്തിൽ മികച്ച മാതൃകയും നിലവാരവും കൈവരിക്കലാണ് ലക്ഷ്യം. വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന പരിപാടിയാണിത്. അധികം വൈകാതെ തന്നെ മറ്റു രാജ്യങ്ങളിലെ ഈ കൂട്ടുകാരുമായി വീഡിയോ കോൺഫറൻസ് നടത്താനും ആസൂത്രണം ചെയ്തിട്ടുണ്ട്. അന്താരാഷ്ട്ര നിലവാരത്തിൽ സ്‌കൂളിലൊരുക്കിയ ഇംഗ്ലീഷ് ലാബിലൂടെ നിലവിൽ കുട്ടികൾ വീഡിയോ കോൺഫറൻസ് വഴി പഠനം നടത്തുന്നുണ്ട്.