പട്ടികവർഗ സുസ്ഥിര വികസന പദ്ധതികളുടെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ നങ്കആട്ട 2018 ഗോത്രമേള സംഘടിപ്പിക്കും. നവംബർ 25, 26 തീയതികളിൽ സുൽത്താൻ ബത്തേരി മുൻസിപ്പാലിറ്റി ടൗൺഹാളിലാണ് ഗോത്രമേള നടക്കുക. ആദിവാസി മേഖലയിലെ സംസ്‌കാരം നിലനിർത്തി തനതു കലകളും ഉൽപ്പന്നങ്ങളും പാരമ്പര്യ ഭക്ഷ്യമേളയും വൈദ്യവും ഉൾപ്പെടുത്തിക്കൊണ്ടാണ് മേള. ജില്ലയിലെ ഗോത്രമേഖലയുടെ സാമൂഹ്യ-സാംസ്‌കാരിക പൈതൃകം പൊതുസമൂഹത്തിന് പരിചയപ്പെടുത്തുകയാണ് മേളയുടെ ലക്ഷ്യം. നവംബർ 25ന് ഉച്ചയ്ക്ക് മൂന്നിന് ഐ.സി ബാലകൃഷ്ണൻ എം.എൽ.എ. മേള ഉദ്ഘാടനം ചെയ്യും. സുൽത്താൻ ബത്തേരി നഗരസഭ അദ്ധ്യക്ഷൻ ടി.എൽ. സാബു അദ്ധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ എ.ആർ. അജയകുമാർ, കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ പി. സാജിത, ഡെപ്യൂട്ടി ചെയർപേഴ്‌സൺ ജിഷ ഷാജി, ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസർ വാണിദാസ്, സ്ഥിരംസമിതി അദ്ധ്യക്ഷൻമാർ തുടങ്ങിയവർ പങ്കെടുക്കും.
മേളയോടനുബന്ധിച്ച് രണ്ട് ദിവസങ്ങളിലായി ഗോത്ര സംസ്‌കാര ഫോട്ടോ പ്രദർശനം, ചിത്രപ്രദർശനം, സെമിനാർ എന്നിവയും നടക്കും. ഗോത്ര മുന്നേറ്റം സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തിലാണ് സെമിനാർ. സെമിനാറിൽ അമൃത് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ശിവശങ്കരൻ വിഷയാവരതണം നടത്തും. ജില്ലാ സ്‌കൂൾ കലോത്സവത്തിൽ നാടൻ പാട്ടിൽ ഒന്നാം സ്ഥാനം നേടിയ കല്ലൂർ എം.ആർ.എസ്. സ്‌കൂൾ ടീമിം, ഡോക്യുമെന്ററിയിൽ ദേശീയ അവാർഡ് നേടിയ അനീസ് കെ. മാപ്പിള എന്നിവരെ ആദരിക്കും. 25ന് രാവിലെ പത്തു മുതൽ വട്ടക്കളി, ഗോത്രമേള, നെല്ലുകുത്ത് പാട്ട്, സ്വദോ ധിമ്മി കാട്ടുനായ്ക്ക കലാസംഘം അവതരിപ്പിക്കുന്ന ഗോത്രഗീതം, ഉച്ചയ്ക്ക് രണ്ടിന് ഗദ്ദിക, വൈകിട്ട് അഞ്ചിന് വയനാട് നാട്ടുകൂട്ടം അവതരിപ്പിക്കുന്ന ഗോത്രഗാഥ എന്നിവ നടക്കും. 26ന് രാവിലെ പത്തുമുതൽ തോട്ടിആട്ട, ഊരാളിക്കളി, വടക്കൻപാട്ട്, ഗോത്രഗാനം, കോൽക്കളി, വൈകിട്ട് മൂന്നിന് ബത്തേരി തുടിത്താളം ഗോത്ര കലാസംഘം അവതരിപ്പിക്കുന്ന കലാവിരുന്നും ഉണ്ടാകും.
