കൊച്ചി: ഗജ ചുഴലികാറ്റ് നാശം വിതച്ച നാഗപട്ടണത്തെ പ്രളയബാധിത മേഖലയില്‍ സന്നദ്ധ സേവകരായി ജില്ലയിലെ മെഡിക്കല്‍ സംഘം. ഏഴ് ഡോക്ടര്‍മാരും രണ്ട് ഹൗസ് സര്‍ജന്മാരുമടക്കം 15 പേരടങ്ങുന്ന ദ്രുതകര്‍മസേനയാണ് നാഗപട്ടണത്തേക്ക് തിരിച്ചിരിക്കുന്നത്. ഇതില്‍ അഞ്ച് സ്റ്റാഫ് നഴ്‌സുമാരും രണ്ട് ഫാര്‍മസിസ്റ്റുകളും ഒരു നഴ്‌സിംഗ് അസിസ്റ്റന്റും ഉള്‍പ്പെടും.
22 ന് വൈകിട്ടാണ് സംഘം പുറപ്പെട്ടത്. അവശ്യമരുന്നുകള്‍ ഉള്‍പ്പടെയുള്ളവ കരുതിയിട്ടുണ്ട്. 23 ന് പുത്തൂരില്‍ എത്തിയ സംഘം വി.പി.എന്‍ മഹല്‍ ക്യാമ്പിലാണ് സേവനം നല്‍കിയത്. 2500 പേര്‍ താമസിക്കുന്ന ക്യാമ്പാണിത്. വൈകിട്ട് 6 മുതല്‍ 10.30 വരെ രോഗികളെ പരിചരിച്ചു. ഇന്നലെ നാഗപട്ടണം ജില്ലാ ആശുപത്രിയില്‍ റിപ്പോര്‍ട്ടു ചെയ്തതിനു ശേഷം രാവിലെ 9 മുതല്‍ വിവിധ അത്യാഹിത വിഭാഗത്തിലാണ് സേവനം നല്‍കിയത്. തുടര്‍ന്ന് പ്രളയം ബാധിച്ച ഗ്രാമങ്ങളില്‍ മെഡിക്കല്‍ ക്യാമ്പുകളില്‍ പ്രവര്‍ത്തിച്ചു. പ്രദേശവാസികള്‍ പ്രധാനമായും ഭക്ഷണത്തിനും കുടിവെള്ളത്തിനുമാണ് ബുദ്ധിമുട്ടുന്നതെന്ന് സംഘത്തിലെ ഡോ. മധു പറയുന്നു. ഏത് പ്രദേശത്തും സേവനം നല്‍കാനുള്ള സന്നദ്ധത ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ടെന്നും ഡോ. മധു പറഞ്ഞു. ഡോ. സജിത് ജോണ്‍, ഡോ. സിറില്‍ ജി. ചെറിയാന്‍, ഡോ. അന്‍വര്‍ ഹുസൈന്‍, ഡോ. മനോജ് ഖുസ്ര, ഡോ. മുഹമ്മദ് ഷഹനാദ് , ഡോ. മുഹമ്മദ് ഷംനാദ് എന്നിവരെ കൂടാതെ, സ്റ്റാഫ് നഴ്‌സുമാരായ പ്രശാന്ത് എസ്, സ്റ്റെഫിന്‍ ജോസഫ്, എ.സി. ശ്രീനി,  ഉണ്ണി ജോസ്, അഖില്‍ ചന്ദ്രന്‍, ഫാര്‍മിസിസ്റ്റ് അനീസ് ബാനു മുഹമ്മദ്, നഴ്‌സിംഗ് അസിസ്റ്റന്റ് ജോസഫ് എംഎ, നജീബ് സി.കെ എന്നിവരാണ് സംഘത്തിലുള്ളത്. 27 വരെയാണ് സേവനം നല്‍കുക.
ക്യാപ്ഷന്‍: നാഗപട്ടണത്തെ ദുരിതാശ്വാസ ക്യാമ്പില്‍ ജില്ലയില്‍ നിന്നുള്ള മെഡിക്കല്‍ സംഘം