പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട രക്ഷാ-ദുരിതാശ്വാസ പ്രവര്‍ത്തനം തുടര്‍ച്ചയായി രണ്ടാം ദിവസവും ജില്ലയില്‍ ശക്തമായി തുടരുന്നു. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടേയും ഏജന്‍സികളുടേയും ഏകോപനം സാധ്യമാക്കിയാണ് ജില്ലാ ഭരണകൂടത്തിന്റെ പ്രവര്‍ത്തനം. ജില്ലാകലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ നേരിട്ടാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഏത് അടിയന്തര സാഹചര്യവും നേരിടാനുള്ള തയ്യാറെടുപ്പിലാണ് സര്‍ക്കാര്‍ സംവിധാനങ്ങളെന്നും ദുരിതബാധിതര്‍ക്കാവശ്യമായ സഹായം കൃത്യമായി നല്‍കിവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് ജില്ലാ കലക്ടര്‍ ഇക്കാര്യങ്ങള്‍ അറിയിച്ചത്.
കടല്‍ക്ഷോഭം രൂക്ഷമായ തീരദേശ മേഖലയില്‍ ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ സന്ദര്‍ശനം നടത്തി. ഇരവിപുരം കാക്കത്തോപ്പ്, കുളത്തുംപാടം, താന്നി, മുണ്ടയ്ക്കല്‍ പാപനാശം തുടങ്ങിയ പ്രദേശങ്ങളാണ് സന്ദര്‍ശിച്ചത്.  വാടി, നീണ്ടകര ഹാര്‍ബറുകളിലും സ്ഥിതിഗതികള്‍ പരിശോധിക്കാന്‍ കലക്ടര്‍ എത്തിയിരുന്നു.
പത്തനാപുരത്ത് മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു.  പട്ടാഴി വടക്കേക്കര ചെളിക്കുഴി സര്‍ക്കാര്‍ എല്‍.പി സ്‌കൂളിലെ ക്യാമ്പില്‍ രാവിലെ തന്നെ ആറു കുടുംബങ്ങളിലെ 26 പേരെയാണ് മാറ്റിപാര്‍പ്പിച്ചത്.  പിറവന്തൂര്‍ എലിക്കാട്ടൂര്‍ എല്‍. പി. എസില്‍ രണ്ടു കുടുംബങ്ങളിലെ അഞ്ചു കുട്ടികളടക്കം 11 പേരുണ്ട്. നടുക്കുന്നില്‍ മറ്റൊരു ക്യാമ്പ് കൂടി തുറന്നിട്ടുണ്ട്. കരുനാഗപ്പള്ളി ചെറിയഴീക്കല്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളിലും എല്‍. പി. സ്‌കൂളിലുമായി ആരംഭിച്ച ക്യാമ്പില്‍ 52 കുടുംബങ്ങളുണ്ട്. ഇരവിപുരം സെന്റ് ജോണ്‍സ് സ്‌കൂളിലെ ക്യാമ്പില്‍ 21 കുടുംബങ്ങളിലെ 91 പേരാണുള്ളത്.
മഴക്കെടുതിയില്‍  മൂന്ന് പേര്‍ക്ക് പരുക്കേറ്റതില്‍ ഒരാളുടെ നില ഗുരുതരമാണ്. ഒരു വീട് പൂര്‍ണ്ണമായും 137 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ഇവയില്‍ 130 എണ്ണവും പുനലൂരിലാണ്. ശേഷിക്കുന്നവ പത്തനാപുരം-3, കൊട്ടാരക്കര-2, കുന്നത്തൂര്‍, കൊല്ലം ഒന്നു വീതം.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സബ് കലക്ടര്‍ ഡോ. എസ്. ചിത്ര, എ.ഡി.എം കെ.ആര്‍. മണികണ്ഠന്‍, ഡെപ്യൂട്ടി കലക്ടര്‍മാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്നു.
കടല്‍ രക്ഷാപ്രവര്‍ത്തനം സജീവം 
പ്രതികൂല കാലാവസ്ഥയിലും കടലില്‍ രക്ഷാപ്രവര്‍ത്തനം ശക്തമാക്കിയതായി ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ അറിയിച്ചു. നാവിക, വ്യോമ സേനകളുടെ കപ്പലുകള്‍, ഹെലികോപ്റ്ററുകള്‍ എന്നിവയുടെ സേവനം  രക്ഷാപ്രവര്‍ത്തനത്തിലുണ്ട്. കോസ്റ്റ് ഗാര്‍ഡിന്റെ യാനങ്ങളും പ്രവര്‍ത്തനനിരതമാണ്. ഫിഷറീസ് വകുപ്പിന്റെയും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെയും കോസ്റ്റല്‍ പോലീസിന്റെയും നേതൃത്വത്തിലുള്ള രക്ഷാപ്രവര്‍ത്തനത്തില്‍ തങ്കശ്ശേരിയില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളുടെ സാന്നിധ്യവുമുണ്ട്. ബോട്ട് ഉടമകള്‍ വിട്ടു നല്‍കിയ ബോട്ടുകളും രക്ഷാപ്രവര്‍ത്തനത്തില്‍ സഹകരിക്കുന്നു. തങ്കശ്ശേരിയില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളെ ഉള്‍പ്പെടുത്തി രണ്ട് ബോട്ടുകള്‍ കൂടി രക്ഷാപ്രവര്‍ത്തനത്തിന് സജ്ജമാക്കും.
പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് മത്സ്യത്തൊഴിലാളികള്‍ക്ക് അടിയന്തര സാഹചര്യങ്ങളില്‍ ബന്ധപ്പെടുന്നതിന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ നീണ്ടകരയിലും അഴീക്കലും തങ്കശ്ശേരിയിലും ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ തുടങ്ങി. കാലാവസ്ഥ വ്യതിയാനം സംബന്ധിച്ചും കാറ്റിന്റെ വേഗത സംബന്ധിച്ചും ദുരന്ത നിവാരണ അതോറിറ്റിയില്‍ നിന്നും ലഭിക്കുന്ന അറിയിപ്പുകള്‍ തീരപ്രദേശങ്ങളില്‍ നല്‍കുന്നുണ്ട്.
അടിയന്തര സാഹചര്യങ്ങളിലും രക്ഷാപ്രവര്‍ത്തന വേളയിലും 9447646268(നീണ്ടകര), 9447656462(അഴീക്കല്‍), 9495434789(തങ്കശ്ശേരി) എന്നീ നമ്പരുകളില്‍ ബന്ധപ്പെടണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
പ്രകൃതിക്ഷോഭം; ഉറക്കമിളച്ച് ജില്ലാ ഭരണകൂടം
ജില്ലയില്‍ പരക്കെ നാശനഷ്ടമുണ്ടാക്കിയ പ്രകൃതിക്ഷോഭം നേരിടുന്നതിന് രാപ്പകല്‍ പ്രവര്‍ത്തിച്ച് ജില്ലാ ഭരണകൂടം.  ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍കൂടിയായ ജില്ലാ കളക്ടര്‍ ഡോ. എസ്. കാര്‍ത്തികേയനാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. കളക്ട്രേറ്റിലെയും താലൂക്ക്, വില്ലേജ്, പഞ്ചായത്ത് തലങ്ങളിലെയും ഉദ്യോഗസ്ഥര്‍ കഴിഞ്ഞ രാത്രി മുഴുവന്‍ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പ്രവര്‍ത്തിച്ചു.
കളക്ട്രേറ്റില്‍ പ്രധാന കണ്‍ട്രോള്‍ റൂമിനു പുറമെ താല്‍ക്കാലിക ഹാം റേഡിയോ സ്‌റ്റേഷനും സജ്ജീകരിച്ചിരുന്നു. കളക്ടറുടെ നിര്‍ദേശപ്രകാരം എല്ലാ താലൂക്ക് ഓഫീസുകളിലും കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിച്ചു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും സാമൂഹികാരോഗ്യ കേന്ദ്രങ്ങളും രാത്രിയിലും പ്രവര്‍ത്തിച്ചു. കളക്ട്രേറ്റിലെ ചേംബറില്‍നിന്നും ജില്ലാ കളക്ടര്‍ നേരിട്ടാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്.
ആവശ്യമുള്ള കേന്ദ്രങ്ങളില്‍ ഏതു സമയത്തും ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കുന്നതിന് സജ്ജീകരണവും ഏര്‍പ്പെടുത്തി.
മോശം കാലാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ ദുരന്ത നിവാരണ പ്രവര്‍ത്തനത്തിനായി പ്രത്യേക സെല്‍ രൂപീകരിച്ചു.  പകലും രാത്രിയും പ്രവര്‍ത്തിക്കുന്ന 16 അംഗ സംഘത്തിന് ഫിഷറീസ് സബ് ഇന്‍സ്‌പെക്ടര്‍ ജെ. സെബാസ്റ്റ്യന്‍, ജൂനിയര്‍ സൂപ്രണ്ടുമാരായ അസിം സേട്ട്, ആര്‍. ബാബുരാജ്, ആര്‍. ജോണ്‍സണ്‍, ബി. ജയചന്ദ്രന്‍, പി. ഷിബു എന്നിവരാണ് നേതൃത്വം നല്‍കുന്നത്. ഏഴു സീനിയര്‍ ക്ലര്‍ക്കുമാരും മൂന്ന് ക്ലര്‍ക്കുമാരും സംഘത്തിലുണ്ട്.
അടുത്ത 48 മണിക്കൂര്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്
അടുത്ത 24 മണിക്കൂറിനകം ലക്ഷദ്വീപില്‍ 130 കിലോമീറ്റര്‍ വേഗതയില്‍ കാറ്റു വീശുമെന്ന കാലാവസ്ഥാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ മത്സ്യത്തൊഴിലാളികള്‍ 48 മണിക്കൂര്‍ കടലില്‍ പോകരുതെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. മഴയൊടൊപ്പമുള്ള കാറ്റിന്റെ വേഗം കേരളത്തീരത്ത് 55 കിലോമീറ്റര്‍ വരെ ഉയരുമെന്നും കാലാവസ്ഥാ മുന്നറിയിപ്പുണ്ട്.