ഓഖി ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കടൽക്ഷോഭത്തിന് ഇരയായവർക്ക് ആശുപത്രികളിലും ദുരിതാശ്വാസ ക്യാമ്പുകളിലും മതിയായ സൗകര്യങ്ങൾ ഉറപ്പാക്കിയതായി സബ്കളക്ടർ ദിവ്യ എസ് അയ്യർ. ദുരിതാശ്വാസ ക്യാമ്പുകളും ദുരിതബാധിത പ്രദേശങ്ങളും പരിക്കേറ്റവരെ എത്തിച്ച ആശുപത്രികളും സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അവർ.
ജില്ലാ ആശുപത്രിയിലും മെഡിക്കൽ കോളേജിലുമാണ് ആദ്യം പരിക്കേറ്റവരെ പ്രവേശിപ്പിച്ചത്. ഇവർക്കായി പ്രത്യേക മെഡിക്കൽ ടീമിനെ സജ്ജമാക്കിയിട്ടുണ്ട്. ആശുപത്രിയിലുള്ള എല്ലാവരെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ആവശ്യമുള്ള എല്ലാ മെഡിക്കൽ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്നും അവർ അറിയിച്ചു. ദുരിതത്തിനിരയായവർക്കും കൂട്ടിരിപ്പുകാർക്കും കൗൺസിലിംഗ് നൽകുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ആവശ്യമായ പക്ഷം ആളുകളെ പ്രവേശിപ്പിക്കുന്നതിനായി പേരൂർക്കട, ഫോർട്ട് ആശുപത്രികളിലും എല്ലാ സംവിധാനങ്ങളും ഏർപ്പെടുത്തികഴിഞ്ഞതായും അവർ പറഞ്ഞു.
തുടക്കത്തിൽ ചില ദുരിതാശ്വാസ ക്യാമ്പുകളിൽ ഭക്ഷണ വിതരണത്തിലും മറ്റും അപാകതകളുണ്ടായതായി ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് എല്ലായിടത്തും നല്ല ഭക്ഷണവും മരുന്നും പ്രാഥമികാവശ്യങ്ങൾക്കുള്ള സൗകര്യങ്ങളും ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കിയെന്നും അവർ അറിയിച്ചു. കനത്ത മഴയിലും തണുപ്പിലും ക്യാമ്പുകളിലുള്ള ചിലർക്ക് ആരോഗ്യപരമായ പ്രശ്‌നങ്ങൾ കണ്ടെ ത്തിയ സാഹചര്യത്തിൽ അതാത് സ്ഥലത്തെ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പിന്റെ പ്രവർത്തനവും ഉറപ്പാക്കിയിട്ടുണ്ട്.
എല്ലാ വില്ലേജുകളിലും ഒരു സ്‌കൂൾ ക്യാമ്പായി പ്രവർത്തിക്കുന്നുണ്ട്. ചില ക്യാമ്പുകളിൽ ഇരുന്നൂറിലധികം ആളുകളുണ്ടെന്നും സബ്കളക്ടർ അറിയിച്ചു. ജനങ്ങളുടെ ആശങ്കയ്ക്ക് വിരാമമിടുന്ന തരത്തിൽ എല്ലാ വകുപ്പുകളും ഉണർന്ന് പ്രവർത്തിച്ചത് ആദ്യമുണ്ടായിരുന്ന പോരായ്മകളെ മറികടക്കാൻ സഹായകമായെന്നും അവർ അറിയിച്ചു.