മാലിന്യ സംസ്കരണത്തിന് സർക്കാർ സംവിധാനങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കുമ്പോഴും, മാലിന്യം വലിച്ചെറിയുന്ന ഒറ്റപ്പെട്ട സംഭവങ്ങൾക്ക് കാര്യക്ഷമമായ പരിഹാരം കാണുകയാണ് ആരോഗ്യവകുപ്പ്. കൈപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ ഒന്ന്, 16 വാർഡുകളുടെ അതിർത്തി പ്രദേശമായ പുത്തൂർ തിരുത്തിൽ നടത്തിയ പരിശോധനയിൽ ആശുപത്രി മാലിന്യങ്ങളും മറ്റ് അജൈവ മാലിന്യങ്ങളും പൊതുസ്ഥലത്ത് അലക്ഷ്യമായി വലിച്ചെറിഞ്ഞ നിലയിൽ കണ്ടെത്തി.
കൈപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ കെ.ആർ. അനൂപ്, അസിസ്റ്റന്റ് സെക്രട്ടറി ജോസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. മരുന്നുകളും സിറിഞ്ചുകളും ഉൾപ്പെടെയുള്ള മാലിന്യങ്ങൾക്കിടയിൽ നിന്ന് ആശുപത്രി രേഖകളും ഓൺലൈൻ പർച്ചേസ് ബില്ലുകളും കണ്ടെത്തി. മാലിന്യം നിക്ഷേപിച്ചവരെ കണ്ടെത്തി പിഴ ഈടാക്കാനും, പ്രദേശം വൃത്തിയാക്കാനും നടപടി സ്വീകരിക്കുമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു.
