വിദ്യാർത്ഥികളുടെ ക്രിയാത്മകതയും ചിന്താശേഷിയും സർഗാത്മകതയും ഒരുപോലെ പരിപോഷിപ്പിക്കുന്നതിനുതകുന്ന പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് കേരള സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി കുസാറ്റിന്റെ സഹകരണത്തോടെ വരടിയം ഗവ. യു.പി സ്കൂളിൽ രൂപകൽപ്പന ചെയ്ത ക്രിയേറ്റീവ് കോർണർ സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ കുട്ടികൾ നിർമിച്ച കേക്ക് മുറിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു. അവണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമണി ശങ്കുണ്ണി അധ്യക്ഷത വഹിച്ചു.
പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലീല രാമകൃഷ്ണൻ മുഖ്യാതിഥിയായി. പുഴയ്ക്കൽ ബിആർസി ട്രെയിനർ സീമ ജി. നായർ പദ്ധതി വിശദീകരിച്ചു.
അവണൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മിനി ഹരിദാസ്, പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്തംഗം ശ്രീലക്ഷ്മി സനീഷ്, ഗ്രാമപഞ്ചായത്തംഗങ്ങളായ കൃഷ്ണകുമാരി, ടി.എസ് ജിഷ, പ്രധാനാധ്യാപിക വി.എ. റഹ്മത്ത്, പി.ടി.എ പ്രസിഡന്റ് കെ. കൃഷ്ണകുമാർ, പി.ടി.എ വൈസ് പ്രസിഡൻ്റ് സി.ആർ. സൂരജ്, ഒ.എസ്.എ സെക്രട്ടറി വി.കെ മുകുന്ദൻ, എം.പി.ടി.എ പ്രസിഡന്റ് ചിത്ര ചന്ദ്രൻ, ക്രിയേറ്റീവ് കോർണർ ഇൻ ചാർജ് കെ.എൻ. സുനിത, സ്കൂൾ ലീഡർ വിയ മരിയ വിമൽ എന്നിവർ സംസാരിച്ചു. കുട്ടികൾ നിർമിച്ച തുണിസഞ്ചികൾ, ഉടുപ്പ്, മറ്റ് ഉത്പ്പന്നങ്ങൾ എന്നിവയുടെ പ്രദർശനവും നടന്നു.
