ഗോത്രകലകളെ അടയാളപ്പെടുത്താൻ ജന ഗൽസ പദ്ധതിയുമായി കുടുംബശ്രീ. ജില്ലയിലെ 26 സിഡിഎസുകളിലായി തെരഞ്ഞെടുത്ത റിസോഴ്സ് പേഴ്സൺമാര്ക്കായി ഏകദിന പരിശീലനം സംഘടിപ്പിച്ചു. കൽപ്പറ്റ ഗ്രീൻ ഗേറ്റ്സ് ഹോട്ടലിൽ നടന്ന പരിശീലന പരിപാടി അസിസ്റ്റന്റ് ജില്ലാ മിഷൻ കോഓർഡിനേറ്റർ വി കെ റജീന ഉദ്ഘാടനം ചെയ്തു. ജനങ്ങളുടെ ആഘോഷം എന്ന പേരിൽ തദ്ദേശീയ ജനവിഭാഗങ്ങളുടെ കലാ ആചാര അനുഷ്ഠാനങ്ങളുടെ വിവരങ്ങൾ ശേഖരിച്ച് ഡയറക്ടറി തയ്യാറാക്കുകയും തെരഞ്ഞെടുക്കപ്പെടുന്ന കലാരൂപങ്ങളെ പൊതുജനങ്ങളുടെ മുന്നിൽ അവതരിപ്പിച്ച് വരുമാനം ലഭ്യമാക്കുന്നതിന് ആവശ്യമായ ഇടപെടലുകൾ നടത്തുകയുമാണ് ജൻ ഗൽസ പദ്ധതിയിലൂടെ ചെയ്യുന്നത്.
വിവിധ ഊരുകളിലെ കലാ ആചാരാനുഷ്ഠാനങ്ങളെക്കുറിച്ച് മനസിലാക്കുന്നതിനായി ഓരോ ഗ്രാമപഞ്ചായത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട റിസോർസ് പേഴ്സൺമാരെ ഉൾപ്പെടുത്തി വിവരശേഖരണം നടത്തുകയും ഇതിന്റെ അടിസ്ഥാനത്തിൽ ജന ഗൽസ ഡയറക്ടറി തയ്യാറാക്കുകയുമാണ് ചെയ്യുന്നത്. ആർപിമാർക്ക് വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നൽകി. തിരുനെല്ലി സ്പെഷൽ പ്രൊജക്ട് കോർഡിനേറ്റർ സായി കൃഷ്ണൻ അധ്യക്ഷനായ പരിപാടിയിൽ ബാലസഭാ ജില്ലാ ആർപി പവിത്രൻ, ഗൽസ ആർപി ബബിത, ബ്ലോക്ക് ഓർഡിനേറ്റർ മാരായ പ്രീത, ശിൽജ, ഷിഫാനത്ത് എന്നിവർ പങ്കെടുത്തു.
