* ആർദ്രം പദ്ധതിയിലൂടെ സർക്കാർ ഉറപ്പാക്കുന്നത് ഗുണനിലവാരമുള്ള ചികിത്സ: മന്ത്രി വീണാ ജോർജ്

ആർദ്രം പദ്ധതിയിലൂടെ സംസ്ഥാന സർക്കാർ ഉറപ്പാക്കുന്നത് ഗുണനിലവാരമുള്ള ചികിത്സയെന്ന് ആരോഗ്യ, വനിതാ, ശിശുക്ഷേമവകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. ചേപ്പാട് പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ജനകീയ ലാബിന്റെയും ഉദ്ഘാടനം പഞ്ചായത്ത് അങ്കണത്തിൽ നടന്ന ചടങ്ങിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ഇന്ത്യയിൽ ഏറ്റവുമധികം ആയുർദൈർഘ്യമുള്ളവർ കേരളത്തിലാണ്. ‘ആരോഗ്യം ആനന്ദം അകറ്റാം അർബുദം’ എന്ന കാമ്പയിനിലൂടെ ഇതുവരെ 18.50 ലക്ഷം പേര്‍ കാൻസർ പരിശോധനക്ക് വിധേയരായി. കേരളത്തിൽ ഇന്ന് എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും ലാബുകളും പരിശോധന സൗകര്യങ്ങളുമുണ്ട്. സംസ്ഥാനത്ത് ഇതുവരെ 885 ആരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി. 2023 മുതൽ സംസ്ഥാനത്തെ ആരോഗ്യ ഉപകേന്ദ്രങ്ങളെ ജനകീയാരോഗ്യകേന്ദ്രങ്ങളാക്കി മാറ്റിയിട്ടുണ്ട്. ചേപ്പാട് പഞ്ചായത്തിൽ നാല് ജനകീയാരോഗ്യകേന്ദ്രങ്ങളാണുള്ളത്. പഞ്ചായത്തിലെ 14 വാർഡുകളിൽനിന്ന് മാസം ശരാശരി 3900 പേരാണ് ഒ പിയിലൂടെ ചികിത്സ തേടുന്നത്. 210 കിടപ്പ് രോഗികൾക്ക് കൃത്യമായ പരിചരണം നൽകുന്നു. 42 അതിദരിദ്രർക്ക് ആരോഗ്യ ഇൻഷുറൻസ് കാർഡ്, ഒരു കുടുംബത്തിലെ ഒരാൾക്കെങ്കിലും തൊഴിൽ, അവകാശ രേഖ എന്നിവ ലഭ്യമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന സർക്കാരിന്റെ ‘ആർദ്രം’ പദ്ധതിയുടെ ഭാഗമായി ഹെൽത്ത് ഗ്രാൻ്റിൽ നിന്ന് 37 ലക്ഷം രൂപയും ഗ്രാമപഞ്ചായത്ത് തനത് ഫണ്ടിൽ നിന്ന് 11 ലക്ഷം രൂപയും വിനിയോഗിച്ചാണ് കുടുംബാരോഗ്യകേന്ദ്രത്തിന്റെ നിർമ്മാണം. നാട്ടുകാരുടെയും ആശുപത്രി മാനേജ്‌മെൻ്റ് കമ്മിറ്റിയുടെയും സംയുക്ത ശ്രമഫലമായാണ് നാല് ലക്ഷം രൂപ ചെലവിൽ ജനകീയ ലാബിന്റെ നിർമ്മാണം പൂർത്തീകരിച്ചത്.
ചടങ്ങിൽ രമേശ് ചെന്നിത്തല എംഎൽഎ അധ്യക്ഷനായി. ചേപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം കെ വേണുകുമാർ, മുതുകുളം ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ജി ഉണ്ണികൃഷ്ണൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു രാജേന്ദ്രൻ, ജില്ലാ പഞ്ചായത്തംഗം എ ശോഭ, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ഡി കൃഷ്ണകുമാർ, എസ് വിജയകുമാരി, കെ വിശ്വപ്രസാദ്, ഗ്രാമപഞ്ചായത്തംഗങ്ങളായ എം മണിലേഖ, തങ്കമണി വിജയൻ, സനിൽകുമാർ, ജാസ്മിൻ, ഷൈനി, ഐ തമ്പി, ബിന്ദു ശിവാനന്ദൻ, ടി തുളസി, എം ശാലിനി, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജമുനാ വർഗീസ്, ദേശീയ ആരോഗ്യ മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. കോശി സി പണിക്കർ, പഞ്ചായത്ത് സെക്രട്ടറി ജി മനോജ്, മെഡിക്കൽ ഓഫീസർ റെയ്ന തോമസ്, മുൻ മെഡിക്കൽ ഓഫീസർ ഡോ. എ ഷിനു, പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ ടി സുരേന്ദ്രൻ, മറ്റ് ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.