സംസ്ഥാനത്തെ മുഴുവൻ ആരോഗ്യ കേന്ദ്രങ്ങളിലും രോഗ നിർണയ ലാബ് ശൃംഖല സ്ഥാപിച്ചു: മന്ത്രി വീണാ ജോർജ്

സംസ്ഥാന ചരിത്രത്തിൽ ആദ്യമായി കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ താലൂക്ക്, ജില്ലാ ആശുപത്രികളടക്കം മുഴുവൻ ആരോഗ്യ കേന്ദ്രങ്ങളിലും രോഗ നിർണയ ലാബ് നെറ്റ്‌വർക്ക് സ്ഥാപിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. പത്തിയൂർ ഗ്രാമപഞ്ചായത്ത് പ്രാഥമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യകേന്ദ്രമായി ഉയർത്തുന്നതിന്റെ ഭാഗമായി ഭൗതിക സാഹചര്യങ്ങൾ ഉയർത്തി നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് അങ്കണത്തിൽ നടന്ന ചടങ്ങിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

സാധാരണക്കാർക്ക് ഇതിലൂടെ പരിശോധനകൾക്ക് ദൂരെയുള്ള പരിശോധന കേന്ദ്രങ്ങളെ ആശ്രയിക്കേണ്ടതില്ല. കഴിഞ്ഞ അഞ്ച് വർഷ കാലയളവിൽ ആരോഗ്യമേഖലയിൽ 5.63 കോടി പഞ്ചായത്ത് ഭരണസമിതി ചെലവഴിച്ചു. സാധാരണ ഒരു ഭരണസമിതി ചെലവഴിക്കുന്നതിനേക്കാൾ കൂടുതൽ തുകയാണ് പത്തിയൂർ പഞ്ചായത്ത് ആരോഗ്യമേഖലയിൽ ചെലവഴിച്ചിട്ടുള്ളത്. ലാബ് സംവിധാനങ്ങളോടു കൂടിയ കെട്ടിടമാണ് നിർമ്മിച്ചിരിക്കുന്നത്. കായംകുളം താലൂക്ക് ആശുപത്രിയിൽ കിഫ്‌ബി വഴി 70 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുകയാണെന്നും സംസ്ഥാനത്തെ ഏറ്റവും മികച്ച ആശുപത്രികളിലൊന്നായി കായംകുളം താലൂക്ക് ആശുപത്രി മാറുമെന്നും മന്ത്രി പറഞ്ഞു.

ഒരു കോടി രൂപ ചെലവിൽ 2800 ചതുരശ്ര അടിയിൽ ആധുനിക സംവിധാനങ്ങളോടെയാണ് പത്തിയൂര്‍ കുടുംബാരോഗ്യകേന്ദ്രത്തിന്റെ കെട്ടിട നിർമ്മാണം. പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബരോഗ്യകേന്ദ്രമായതോടെ വൈകിട്ട് ആറ് മണിവരെ സേവനം ലഭ്യമാകും.
ഉദ്ഘാടന സമ്മേളനത്തിൽ അഡ്വ. യു പ്രതിഭ എംഎൽഎ അധ്യക്ഷയായി. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബുജാക്ഷി ടീച്ചർ, പത്തിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽ ഉഷ, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി ഉണ്ണികൃഷ്ണൻ, പത്തിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മനു ചെല്ലപ്പൻ, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അംഗങ്ങളായ എം ജനുഷ, മണി വിശ്വനാഥ്, പത്തിയൂർ ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അംഗങ്ങളായ സിന്ധു മധുകുമാർ, ബി പവിത്രൻ, അനിതാ രാജേന്ദ്രൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജമുനാ വർഗ്ഗീസ്, പഞ്ചായത്തംഗങ്ങളായ പി രാജീവ്‌ കുമാർ, സുരേഷ് ബാബു, ലീലാ ഗോകുൽ, ആർ ശ്രീലക്ഷ്മി, ശ്രീലേഖ അനിൽകുമാർ, എസ് സൗമ്യ, അമ്പിളി ഷാജി, ആശാ രാജീവ്‌, ശ്രീദേവി ടീച്ചർ, ദീപക്ക് എരുവ, ജയപ്രകാശ്, വി മഹേഷ്‌, ആസൂത്രണ സമിതി ഉപാധ്യക്ഷൻ എസ് ഗോപിനാഥ പിള്ള, ഡോ. ജിതിൻ തുടങ്ങിയവർ പങ്കെടുത്തു.