ഭാരതീയ ചികിത്സാ വകുപ്പിന്റെയും നാഷണല്‍ ആയുഷ് മിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ പത്താമത് ദേശീയ ആയുര്‍വേദ ദിനാചരണത്തിന്റെ ഭാഗമായി ജില്ലയില്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ക്ക് തുടക്കമായി. വിളംബര ജാഥയോടെ ആരംഭിച്ച പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ നിര്‍വഹിച്ചു. ‘ആയുര്‍വേദം മാനവരാശിക്കും ഭൂമിക്കും’ എന്ന ഈ വര്‍ഷത്തെ ആയുര്‍വേദ ദിന പ്രമേയത്തെ അടിസ്ഥാനമാക്കി നടന്ന പരിപാടിയില്‍ ഭാരതീയ ചികിത്സാ വകുപ്പ് പാലക്കാട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആഗ്നസ് ക്ലീറ്റസ് അധ്യക്ഷനായി. പരിപാടിയുടെ ഭാഗമായി വിവിധ വിഷയങ്ങളില്‍ ഏകദിന സെമിനാറും നടത്തി.

ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സുനിത കെ.എസ്, ജില്ലാ മെഡിക്കല്‍ ഓഫീസ് സീനിയര്‍ സൂപ്രണ്ട് പി.കെ ഷിജി, ഡോ. പി. ജയറാം, ഡോ. ഇ ബാസിം , പി.എസ് പ്രമോദ്, എം. സുര്‍ജിത്ത്, ആര്‍.എസ് അരുണ്‍കുമാര്‍, കെ. ശരവണന്‍, ജില്ലാ ആയുര്‍വേദ ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസര്‍ പി. എഡിസണ്‍ എന്നിവര്‍ പങ്കെടുത്തു. മറ്റു ക്ഷീരകര്‍ഷകര്‍, ഔഷധ സസ്യ കര്‍ഷകര്‍, സ്‌കൂള്‍ വിദ്യാര്‍ഥികള്‍, മെഡിക്കല്‍ ഓഫീസര്‍മാര്‍, മറ്റ് ജീവനക്കാര്‍ തുടങ്ങിയവര്‍ സെമിനാറില്‍ പങ്കെടുത്തു. ‘ആയുര്‍വേദ അനുഭവക്കുറിപ്പ്’ മത്സരത്തില്‍ വിജയികളായ ദിവ്യ നവീന്‍, തുളസി ഭായ്, പി.എന്‍ സുഷ്മിത എന്നിവര്‍ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സമ്മാനങ്ങള്‍ വിതരണം ചെയ്തു.