ജില്ലയിലെ തീരദേശ ഹൈവേ, എയര്‍പോര്‍ട്ട് കണക്ടിവിറ്റി റോഡുകള്‍ എന്നിവയുടെ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മുന്‍ഗണനാ പദ്ധതികളുടെ ദ്വൈവാര അവലോകന യോഗത്തില്‍ തീരുമാനമായി.

വിവിധ പദ്ധതികളുടെ പുരോഗതി യോഗം വിലയിരുത്തി. തീരദേശ ഹൈവേയുടെ മാഹി – ധര്‍മ്മടം, മീന്‍കുന്ന് – പാണ്ട്യാല കടവ്, ധര്‍മ്മടം- എടക്കാട് എന്നീ മൂന്ന് റീച്ചുകളുടെ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും. തലശ്ശേരി, കൊടുവള്ളി, അഞ്ചരക്കണ്ടി, മട്ടന്നൂര്‍, ചെറുക്കള ബാവുപറമ്പ്, ചാലോട് എയര്‍പോര്‍ട്ട് കണക്ടിവിറ്റി റോഡുകളുടെ പ്രവൃത്തിയും ഏറ്റവും വേഗത്തില്‍ പൂര്‍ത്തിയാക്കുവാന്‍ യോഗത്തില്‍ തീരുമാനിച്ചു.

കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഡെപ്യൂട്ടി കലക്ടര്‍ എ.കെ അനീഷ്, എല്‍ എ സ്പെഷ്യല്‍ തഹസില്‍ദാര്‍മാര്‍, വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.