സമഗ്ര ശിക്ഷാ കേരള, കുസാറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന സ്ട്രീം ഇക്കോസിസ്റ്റം സീസണിന്റെ (രണ്ട്) ഭാഗമായി, ജില്ലാ തലത്തില്‍ വിവിധ ബിആര്‍സികള്‍ തയാറാക്കിയ ഗവേഷണ പ്രൊജക്ടുകളുടെ വെറ്റിങ് (സൂക്ഷ്മ പരിശോധന) ആരംഭിച്ചു. ചെര്‍പ്പുളശ്ശേരി ബ്ലോക്ക് പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍ എന്‍.പി പ്രിയേഷ് പരിപാടി ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികളില്‍ ഗവേഷണ സാധ്യതകള്‍ വളര്‍ത്തി സമകാലിക ലോകത്തെ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം ഗവേഷണാത്മകമായി കണ്ടെത്തുക എന്നതാണ് സ്ട്രീം ഇക്കോസിസ്റ്റം പദ്ധതിയുടെ ലക്ഷ്യം. പദ്ധതി നടത്തിപ്പിനായി ഓരോ ബ്ലോക്ക് റിസോഴ്‌സ് സെന്ററുകള്‍ക്കും 65,000 രൂപ വീതം അനുവദിച്ചിട്ടുണ്ട്. ജില്ലയിലെ 13 ബ്ലോക്ക് റിസോഴ്‌സ് സെന്ററുകളില്‍ നിന്നുള്ള 26 ഗവേഷണ പ്രോജക്ടുകളുടെ സൂക്ഷ്മ പരിശോധന വരും ദിവസങ്ങളില്‍ നടക്കും.
ചെര്‍പ്പുളശ്ശേരി ബ്ലോക്ക് റിസോഴ്‌സ് സെന്ററില്‍ നടന്ന പരിപാടിയില്‍ സമഗ്ര ശിക്ഷാ കേരള ജില്ലാ പ്രൊജക്ട് ഓഫീസര്‍ പി.എസ് ഷാജി അധ്യക്ഷനായി. പാലക്കാട് ഡയറ്റ് പ്രതിനിധി ശഹീദലി, പറളി ബി.ആര്‍.സി ട്രെയിനര്‍ ഹരിസെന്തില്‍, കടമ്പഴിപ്പുറം യുപി സ്‌കൂള്‍ പ്രധാന അധ്യാപകന്‍ ഗോപാലകൃഷ്ണന്‍, വിനോദ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. മറ്റു അധ്യാപകര്‍, അധ്യാപക സംഘടന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
