വനിതാ ശിശുവികസന വകുപ്പ് ജില്ലാതല ഐ.സി.ഡി.എസ് സെല്ലിന്റെ ആഭിമുഖ്യത്തിൽ പോഷൺ അഭിയാൻ 2.0 പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനവും അനീമിയ സ്ക്രീനിങ് ക്യാമ്പയിനും സംഘടിപ്പിച്ചു. പോഷൺ മാ 2025 എന്ന പേരിൽ എടവക ഗ്രാമ പഞ്ചായത്തിലെ കാരക്കുനി ഉന്നതിയിൽ നടന്ന പരിപാടി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. അങ്കണവാടി സേവനങ്ങൾ മികച്ച രീതിയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണെന്നും എല്ലാ ഗുണഭോക്താക്കളും സേവനങ്ങൾ ഉപയോഗപ്പെടുത്തണെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികൾ, കൗമാരപ്രായക്കാർ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ എന്നിവരിലെ പോഷകാഹാരക്കുറവ് പരിഹരിക്കാനുള്ള സമഗ്ര പദ്ധതിയാണ്. പോഷക ഗുണമേന്മയുള്ള ഭക്ഷണം വർദ്ധിപ്പിക്കുക, പോഷൺ ട്രാക്കർ പോലുള്ള സാങ്കേതികവിദ്യ ഉപയോഗിക്കുക, അങ്കണവാടി സേവനങ്ങൾ മെച്ചപ്പെടുത്തുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.
എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബ്രാൻ അഹമ്മദ് കുട്ടി അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് മെമ്പർ കെ.വിജയൻ, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്സൺ സൽമ മോയിൻ, വാർഡ് അംഗം കെ.ഷറഫുന്നീസ, ജില്ലാതല പ്രോഗ്രാം ഓഫീസർ എം. ജി ഗീത, ജില്ലാ വനിതാ ശിശുവികസന ഓഫിസർ കെ. ആർ ബിന്ദുഭായി, മാനന്തവാടി പട്ടികവർഗ വികസന ഓഫീസർ എം മജീദ്, സീനിയർ സുപ്രണ്ട് കെ.പി സുനിത്, മെഡിക്കൽ ഓഫിസർ ഡോ. പുഷ്പ, മാനന്തവാടി അഡീഷണൽ ശിശു വികസന ഓഫീസർ എം ജീജ, അങ്കണവാടി പ്രവർത്തകർ, ആരോഗ്യ വകുപ്പ് ജീവനക്കാർ, ട്രൈബൽ വകുപ്പ് ജീവനക്കാർ, ഐ.സി.ഡി.എസ്. സൂപ്പർവൈസർമാർ, എൻ.എൻ.എം കോർഡിനേറ്റർ തുടങ്ങിയവര്‍ പരിപാടിയിൽ പങ്കെടുത്തു.
