പത്തനംതിട്ട ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ തോട്ടക്കോണം സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മാ കെയര്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. സി ഡി എസ് ചെയര്‍പേഴ്‌സണ്‍  വി എ രാജലക്ഷമിയുടെ അധ്യക്ഷതയില്‍ പന്തളം നഗരസഭ കൗണ്‍സിലര്‍ കെ ആര്‍ വിജയകുമാര്‍  ഉദ്ഘാടനം ചെയ്തു.

വിദ്യാര്‍ഥികള്‍ക്ക് ആരോഗ്യകരമായ ലഘുഭക്ഷണങ്ങള്‍, പാനീയങ്ങള്‍, സ്‌കൂള്‍ സ്റ്റേഷനറി, സാനിട്ടറി നാപ്കിന്‍ എന്നിവ ലഭ്യമാക്കുന്നതിന് സ്‌കൂള്‍ കോമ്പൗണ്ടില്‍ കിയോസ്‌കുകള്‍ സ്ഥാപിക്കുന്ന പദ്ധതിയാണ്. അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കെ. ബിന്ദുരേഖ പദ്ധതി വിശദീകരണം നടത്തി. പന്തളം നഗരസഭ കൗണ്‍സിലര്‍മാരായ ബിന്ദു കുമാരി, സുനിത വേണു, പിടിഎ പ്രസിഡന്റ് കെ എച്ച് ഷിജു , എസ് എം സി ചെയര്‍മാന്‍ ജി അനൂപ് കുമാര്‍ , സ്‌കൂള്‍ പ്രന്‍സിപ്പല്‍ എന്‍ ഗിരിജ , പ്രഥമാധ്യാപകന്‍ പി ഉദയന്‍, എല്‍ പി സ്‌കൂള്‍ പ്രഥമാധ്യാപിക ജി അശ്വതി, എം പി ടി എ കണ്‍വീനര്‍ രഞ്ചു ബിനൂപ്, അജിത്ത് കുമാര്‍, ആതിര, അഞ്ജന, ജയ്‌സണ്‍ ബേബി, ശോഭ അജയന്‍, ശ്രീലത എന്നിവര്‍ പങ്കെടുത്തു.

വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കിയോസ്‌കുകളില്‍ നിന്നും ഭക്ഷണ പാനീയങ്ങളും മറ്റു സാധനങ്ങളും മിതമായ നിരക്കില്‍ വാങ്ങാം. ലഘുഭക്ഷണങ്ങളും പാനീയങ്ങളും പഠന സഹായത്തിനാവശ്യമായ സ്റ്റേഷനറികളും ഉള്‍പ്പെടെ ലഭ്യമാക്കുന്നതു വഴി സ്‌കൂള്‍ സമയത്ത് കുട്ടികള്‍ പുറത്തു പോകുന്നത് ഒഴിവാക്കാം. കൂടാതെ  സ്‌കൂളിനു വെളിയിലുളള അനാരോഗ്യകരമായ ഭക്ഷണങ്ങളും ലഹരി പദാര്‍ത്ഥങ്ങളും ഉപയോഗിക്കുന്ന സാഹചര്യങ്ങള്‍ക്ക് തടയിടാനുമാകും.