ലഹരി വര്‍ജ്ജന മിഷന്‍ വിമുക്തിയുടെ ഭാഗമായി കണ്ണൂര്‍ എക്‌സൈസ് ഡിവിഷന്റെ ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ ക്ലബ്ബിലെ വിദ്യാര്‍ത്ഥികള്‍ക്കും കണ്‍വീനര്‍മാര്‍ക്കുമായി ഏകദിന ലഹരി വിരുദ്ധ ബോധവല്‍ക്കരണ ശില്പശാല നടത്തി. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ പി ജയബാലന്‍ ശില്‍പശാല ഉദ്ഘാടനം ചെയ്തു. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ അഡ്വ. ലിഷ ദീപക് അധ്യക്ഷത വഹിച്ചു.  ജില്ലാ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ശില്‍പശാലയില്‍ ഹയര്‍ സെക്കന്ററി എഡ്യൂക്കേഷന്‍ റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ കെ ശകുന്തള  മുഖ്യാതിഥിയായി.  കരുണ സായിയിലെ സൈക്യാട്രിസ്റ്റ് എല്‍ ആര്‍ മധുജന്‍ ലഹരി വിരുദ്ധ ബോധവല്‍കരണത്തെക്കുറിച്ച്  ക്ലാസെടുത്തു. രക്ഷിതാക്കളും അധ്യാപകരുമാണ് ലഹരിയുടെ ഉപയോഗത്തില്‍ നിന്നും കുട്ടികളെ രക്ഷിക്കേണ്ടതെന്ന് ഡോ. മധുജന്‍ പറഞ്ഞു. സഹപാഠികളില്‍ ആരെങ്കിലും ലഹരി ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ അത് രക്ഷിതാക്കളെയോ അധ്യാപകരെയോ അറിയിക്കണമെന്നും സഹപാഠിയെ ലഹരിയില്‍ നിന്നും രക്ഷിക്കാന്‍ വിദ്യാര്‍ത്ഥികളും പങ്കുചേരണമെന്നും അദ്ദേഹം പറഞ്ഞു. കെ എസ് ഇ ഒ എ ജനറല്‍ സെക്രട്ടറി സി കെ പവിത്രന്‍ സംസാരിച്ചു. ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ പി കെ സുരേഷ് സ്വാഗതവും  എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ്  സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി കെ സതീഷ് കുമാര്‍  നന്ദിയും പറഞ്ഞു.