ശബരിമല: 45വര്‍ഷം മുന്‍പ് മാളികപ്പുറത്ത് മരപ്പൊത്തില്‍വരെ വിരിവെച്ച് കിടന്നുറങ്ങിയ ഓര്‍മ്മകള്‍ പങ്കുവെച്ച് ചോയിക്കുട്ടി. കോഴിക്കോട് മുക്കം നീലേശ്വരം തുപ്പുകരയില്‍ 74 കാരനായ ചോയിക്കുട്ടിയുടെ തീര്‍ഥാടന സ്മരണകളില്‍ നിറഞ്ഞുനില്‍ക്കുന്നത് ഹരിതാഭമായ സന്നിധാനവും പരിസരവുമാണ്. എങ്ങും നിബിഡ വനം. ഇന്ന് കാണുന്ന കോണ്‍ക്രീറ്റ് മന്ദിരങ്ങള്‍ ഒന്നുംതന്നെ ഇല്ല. 1973ലാണ് ആദ്യമായി അയ്യപ്പദര്‍ശനം നടത്തുന്നത്. നാട്ടില്‍നിന്ന് ഏഴുപേരടങ്ങുന്ന സംഘത്തോടൊപ്പമായിരുന്ന യാത്ര. അതും മൊത്തം ഏഴുദിവസത്തെ യാത്ര. ബസില്‍ കോഴിക്കോട്ട് നിന്ന് പാലാ ,പൊന്‍കുന്നം, എരുമേലി വഴി ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തിയാണ് സന്നിധാനത്തെത്തുന്നത്.
പമ്പയില്‍ തങ്ങി അവിടെ ഭക്ഷണമുണ്ടാക്കി വിരിവെച്ച് കിടക്കും. അടുപ്പില്‍നിന്ന് ചാരവും ഭക്ഷണാവശിഷ്ടങ്ങളും തിന്നുന്നതിനായി കുറുനരിയും പന്നികളും ഓളിച്ചും പതുങ്ങിയും എത്തുമായിരുന്നു എന്ന് ചോയിക്കുട്ടി ഓര്‍മിക്കുന്നു. കരിമല, നീലിമല കയറുമ്പോള്‍ പലപ്പോഴും ആനകളെ കണ്ടിട്ടുണ്ട്. അക്കാലത്ത് ഭസ്മക്കുളം, തീര്‍ഥക്കുളം എന്നിവ സന്നിധാനത്തിന് സമീപമായിരുന്നു. ആഴി കൊടിമരച്ചുവട്ടിലും. വന്യമൃഗശല്യം ഒഴിവാക്കാന്‍ ചുറ്റും വലിയ കിടങ്ങുകള്‍ കുഴിച്ചിരുന്നു. വൈദ്യുതി ഇല്ലാതിരുന്നതിനാല്‍ മെഴുകുതിരി വെട്ടത്തിലായിരുന്നു കഴിഞ്ഞിരുന്നത്.
ഒരുതവണ മാളികപ്പുറത്തിന് സമീപം നിന്നിരുന്ന വലിയൊരു മരം പിഴുത് വീണിരുന്നു. ഈ മരത്തിന്റെ പൊത്തില്‍ വിരിവെച്ച് കിടന്ന അപൂര്‍വ്വ സ്മരണ ചോയിക്കുട്ടി പങ്കുവെച്ചു. മൃഗങ്ങളെ ഒട്ടുംപേടിക്കാതെ ഉറങ്ങാന്‍ കഴിഞ്ഞു. 45വര്‍ഷത്തിനിടയില്‍ ഒരിക്കല്‍പോലും തീര്‍ഥാടനം മുടങ്ങിയിട്ടില്ലെന്ന് ചോയിക്കുട്ടി പറഞ്ഞു. അന്ന് ഒപ്പമുണ്ടായിരുന്ന ചിലര്‍ തന്നേപ്പോലെ ഇപ്പോഴും മലചവിട്ടാന്‍ പോകുന്നുണ്ട്.
മുക്കത്തെ നല്ലൊരു കൃഷിക്കാരന്‍ കൂടിയാണ് ചോയിക്കുട്ടി. പത്തേക്കര്‍ പാട്ടത്തിനെടുത്ത ഭൂമിയില്‍ കപ്പയും വാഴയും പതിവായി കൃഷി ചെയ്യുന്നുണ്ട്. ഭാര്യയും നാലുമക്കളും അടങ്ങുന്നതാണ് കുടുംബം. രാവിലെയും വൈകുന്നേരവും കൃഷിയിടത്തില്‍പോയി അത്യാവശ്യം ജോലികള്‍ ചെയ്യും. ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നുമില്ലെങ്കില്‍ ശബരിമല ദര്‍ശനം സുവര്‍ണജൂബിലിയിലെത്തിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ചോയിക്കുട്ടി.