ആരോഗ്യ പരിപാലന രംഗത്ത് മികച്ച മാതൃക സൃഷ്ടിക്കാന്‍ കേരളത്തിനായി: മന്ത്രി എ.കെ. ശശീന്ദ്രന്
തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്തിലെ അന്നശ്ശേരി ജനകീയാരോഗ്യ കേന്ദ്രത്തില്‍ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന് നിര്‍വഹിച്ചു. ആരോഗ്യ പരിപാലന രംഗത്ത് മികച്ച മാതൃക സൃഷ്ടിക്കാന്‍ കേരളത്തിന് സാധിച്ചെന്ന് മന്ത്രി പറഞ്ഞു.
വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുവന്ന ജനകീയാരോഗ്യ കേന്ദ്രത്തിന് തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്ത് വികസന ഫണ്ട് വിനിയോഗിച്ചാണ് കെട്ടിടം നിര്‍മിച്ചത്. ഇടവനക്കുഴി നഗറില്‍ പ്രവര്‍ത്തിക്കുന്ന സബ് സെന്ററില്‍ ഓരോ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ്, എംഎല്‍എസ്പി സ്റ്റാഫ് നഴ്സ് എന്നിവരും മൂന്ന് ആശാപ്രവര്ത്തകരുമാണ് ജോലി ചെയ്യുന്നത്. വിവിധ കാലയളവിലായി 18.71 ലക്ഷം രൂപയാണ് ആരോഗ്യ കേന്ദ്രത്തിനായി ചെലവിട്ടത്.
സര്‍ക്കാരിന്റെ ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുന്നതിനായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായും കുടുംബക്ഷേമ കേന്ദ്രങ്ങളെ വെല്‍നസ് സെന്ററുകളുമായും ഉയര്‍ത്തുന്നതില്‍ അന്നശ്ശേരി ജനകീയാരോഗ്യ കേന്ദ്രത്തെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ചടങ്ങില്‍ തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ടി പ്രമീള അധ്യക്ഷയായി. അസി. എഞ്ചിനീയര്‍ അഭിലാഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. രാജാറാം കിഴക്കെകണ്ടിയില്‍ മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ കെ ശിവദാസന്‍, സ്ഥിരം സമിതി അധ്യക്ഷരായ സീന സുരേഷ്,അനില്‍ കോരാമ്പ്ര, കെ ജി പ്രജിത, ബ്ലോക്ക് പഞ്ചായത്ത് അംഗം ഐ പി ഗീത, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി ബിന്ദു, എസ് എം വിനോദ്, ഷെറീന കരീം, തലക്കുളത്തൂര്‍ സി.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ ഡോ. എം എം ഷീബ, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ അഹമ്മദ് അബ്ദുല്‍ നാസര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഇ കെ സജിനി, വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ പ്രകാശന് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.
