കേരളത്തിലെ തദ്ദേശ സ്വയംഭരണ ചരിത്രത്തിൽ സുതാര്യതയുടെ പുതിയ അധ്യായമെഴുതി, നവകേരളശിൽപ്പശാല തൽസമയം വീക്ഷിക്കുന്നത് 30,000- ഓളം ഉദ്യോഗസ്ഥരും ജനപ്രതിനിധികളും.
സംസ്ഥാനത്തെ 1200 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ശിൽപശാല തൽസമയം പ്രദർശിപ്പിച്ചു. 941 ഗ്രാമപ്പഞ്ചായത്തുകളുടെയും 152 ബ്ലോക്ക് പഞ്ചായത്തുകളുടെയും 14 ജില്ലാ പഞ്ചായത്തുകളുടെയും ആറ് കോർപറേഷനുകളുടെയും 87 നഗരസഭകളുടെയും  അധ്യക്ഷൻമാരോ അവരുടെ പ്രതിനിധികളോ പങ്കെടുത്ത പരിപാടി വിക്ടേഴ്‌സ് ചാനലാണ് തൽസമയം സംപ്രേക്ഷണം ചെയ്യുന്നത്. ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും ഒരുമിച്ചിരുന്ന് പരിപാടി വീക്ഷിക്കാനും ഓൺലൈനായി ചോദ്യങ്ങൾ ഉന്നയിക്കാനും ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളും നഗരസഭകളും അവസരമൊരുക്കിയിട്ടുണ്ട്.

തിരുവനന്തപുരം നാലാഞ്ചിറ ഗിരിദീപം ഓഡിറ്റോറിയത്തിൽ ഇന്നും നാളെയുമായി (നവം. 27, 28) നടക്കുന്ന ശില്പശാല രാവിലെ പത്തരയ്ക്ക് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. ശില്പശാലയുടെ ആദ്യ ദിവസമായ ഇന്നലെ സംസ്ഥാനത്തിന്റെ പ്രളയാനന്തര സാഹചര്യവും ലൈഫ്, ഹരിത കേരളം, എന്നീ മിഷനുകളുടെ പ്രവർത്തന പുരോഗതിയും വിശദമായി വിലയിരുത്തി.

തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷൻമാരും  ജനപ്രതിനിധികളും ഉന്നയിച്ച സംശയങ്ങളും നവകേരള മിഷനുകളുടെ പ്രവർത്തനം സംബന്ധിച്ച ആശങ്കകളും ശിൽപ്പശാല ചർച്ച ചെയ്തു. പ്രേക്ഷകരുടെ അഭിപ്രായങ്ങളും സംശയങ്ങളും  തൽസമയം അറിയിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഓൺലൈനായി ലഭിച്ച 500-ഓളം ചോദ്യങ്ങളും, സദസ്സിൽ നിന്നുയർന്ന സംശയങ്ങളും ചർച്ച ചെയ്യുന്നുണ്ട്.  ശിൽപശാലയിൽ രൂപപ്പെടുന്ന പൊതു അഭിപ്രായങ്ങൾക്കനുസരിച്ച് പുതിയ തീരുമാനങ്ങളും നടപടികളും ഉണ്ടാകുമെന്ന്  ആദ്യ സെഷനിൽ അധ്യക്ഷനായ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീൻ പറഞ്ഞു.

ഇത്രയധികം ജനപ്രതിനിധികൾ തൽസമയം പങ്കെടുക്കുന്ന പരിപാടി സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ഇതാദ്യമാണ്.