അഴീക്കോട് ഗ്രാമപഞ്ചാത്ത് വികസന സദസ്സിൽ പങ്കെടുത്തവർക്കായി അഴീക്കോട് സാമൂഹ്യ ആരോഗ്യ കേന്ദ്രവും (സി എച്ച് സി) അഴീക്കോട് പഞ്ചായത്ത് കെ-സ്മാർട്ടും ശ്രദ്ധേയമായ സേവനങ്ങൾ ഒരുക്കി. അഴീക്കോട് ഹയർ സെക്കൻഡറി സ്‌കൂളിൽ സജ്ജീകരിച്ച ഹെൽത്ത് പ്രഥമ ശുശ്രൂഷാ സേവനങ്ങൾ ജനങ്ങൾക്ക് ഏറെ പ്രയോജനകരമായി. രക്തസമ്മർദം, പ്രമേഹം എന്നിവ പരിശോധിച്ച് ആവശ്യമായ നിർദേശങ്ങൾ നൽകി. പരിപാടി നടക്കുന്ന സദസ്സിലും ഭക്ഷണം വിതരണം ചെയ്യുന്ന സ്ഥലത്തും ആവശ്യമായ ശുചിത്വ പരിപാലനം ഹെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ ഉറപ്പുവരുത്തി. പരിപാടിയിലുടനീളം ആരോഗ്യപരമായ സുരക്ഷ ഉറപ്പാക്കുകയും ചെയ്തു.

കെ-സ്മാർട്ട് ക്ലിനിക്ക് പഞ്ചായത്തിലെ വിവിധ ഓൺലൈൻ സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിന് അവസരമൊരുക്കി. കെട്ടിട നികുതി ഒടുക്കി രസീത് നൽകൽ, ബിൽഡിംഗ് സർട്ടിഫിക്കറ്റ് അനുവദിക്കൽ, കെ-സ്മാർട്ട് സൈറ്റിൽ ലോഗിൻ ഐ.ഡി നിർമ്മിച്ച് നൽകൽ, മരണം രജിസ്റ്റർ ചെയ്ത് സർട്ടിഫിക്കറ്റ് നൽകൽ, കെട്ടിടം ലിങ്ക് ചെയ്തു നൽകൽ തുടങ്ങിയ സേവനങ്ങളാണ് ക്ലിനിക്കിൽ ലഭ്യമാക്കിയത്. പങ്കെടുക്കാനെത്തിയവർക്ക് ആവശ്യമായ പഞ്ചായത്ത് സേവനങ്ങൾ എളുപ്പത്തിൽ പൂർത്തിയാക്കാൻ കെ-സ്മാർട്ട് ക്ലിനിക്ക് സഹായകമായി.