മികച്ച വരുമാനവുമായി കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സ് യൂണിവേഴ്സിറ്റി മണ്ണൂത്തി ക്യാംപസിലെ ടെക്‌നോളജി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് സെയില്‍സ് സെന്റര്‍. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 3.5 കോടിയുടെ വിറ്റുവരവാണ് സെയില്‍സ് സെന്ററിലൂടെ നേടിയത്. ശാസ്ത്രം, പോഷകാഹാരം, പാരമ്പര്യം, വിശ്വാസ്യത എന്നീ മൂല്യങ്ങൾ ഒരു കുടക്കീഴിൽ കൊണ്ടു വരുക, പൊതുജനങ്ങൾക്ക് വൈജ്ഞാനമൂല്യങ്ങൾ പകർന്ന് നൽകുക എന്ന ലക്ഷ്യങ്ങളോടെ 2018 ഒക്ടോബര്‍ ആറിനാണ് കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സ് യൂണിവേഴ്സിറ്റി മണ്ണൂത്തി ക്യാംപസിൽ ടെക്‌നോളജി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ്‍ സെയിൽസ് സെന്റര്‍ സ്ഥാപിച്ചത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം സെയില്‍സ് സെന്റര്‍ വഴി 1,88,322 ലിറ്റര്‍ പാല്‍, 12,873 കി.ഗ്രാം ബീഫ്, 6617 കി.ഗ്രാം ചിക്കന്‍, 9703 കി.ഗ്രാം പന്നിയിറച്ചി, 1887 കി.ഗ്രാം താറാവിറച്ചി, 93 കി.ഗ്രാം മുയലിറച്ചി, 17,787 പൗള്‍ട്രി ഉത്പ്പന്നങ്ങൾ, 12,425 പാക്കറ്റ് മീറ്റ് പ്രോഡക്ടുകൾ, 1926 പാക്കറ്റ് ജൈവ ഉത്പ്പന്നങ്ങൾ, 74 സർവകലാശാല പ്രസിദ്ധീകരണങ്ങളും വില്‍പ്പന നടത്തി.
ടെക്‌നോളജി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് സെയില്‍സ് സെന്ററില്‍ വെറ്ററിനറി സര്‍വകലാശാലയിലെ മീറ്റ് ടെക്നോളജി യൂണിറ്റ്, യൂണിവേഴ്സിറ്റി ഡയറി പ്ലാന്റ്, യൂണിവേഴ്സിറ്റി ലൈവ്സ്റ്റോക്ക് ഫാം, മറ്റ് ഗവേഷണ കേന്ദ്രങ്ങള്‍ എന്നിവയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ വിദഗ്ദമായ ശാസ്ത്ര, സാങ്കേതിക പരിശോധനകൾക്കും എഫ് എസ് എസ് ഐ നിഷ്കർഷിച്ചിട്ടുള്ള സുരാക്ഷാ മാനദണ്ഡങ്ങൾ ഉറപ്പുവരുത്തി കൊണ്ടുള്ള ഗുണനിലവാര പരിശോധകളും കഴിഞ്ഞാണ് വില്‍പ്പനയ്‌ക്കെത്തുന്നത്.
യൂണിവേഴ്‌സിറ്റി ഡയറി പ്ലാന്റ് കെ.വി.എ.എസ്.യു ഫാമുകളില്‍നിന്നും പാല്‍, തൈര്, പനീര്‍, നെയ്യ്, സംഭാരം, പാലട പായസം, ഗുലാബ് ജാമുന്‍, ഐസ്‌ക്രീമുകള്‍, ഹല്‍വകള്‍ എന്നിവയെല്ലാം സര്‍വകലാശാലാ തലത്തിലുള്ള ഗുണനിലവാര പരിശോധനകളോടെയാണ് വില്‍പ്പനയ്‌ക്കെത്തുന്നത്.
വിവിധതരം കട്ട്‌ലറ്റുകള്‍, സോസേജുകള്‍, നഗ്ഗറ്റുകള്‍, സ്‌മോക്ക്ഡ് മീറ്റ്‌സ്, അച്ചാറുകള്‍, റെഡി-ടു-കുക്ക് ഇനങ്ങള്‍ തുടങ്ങിയ നിരവധി വൈവിധ്യമാര്‍ന്ന രുചിവിഭവങ്ങളും ഈ സെയിൽസ് സെൻ്ററിലൂടെ ലഭിക്കും. പ്രീമിയം ഫ്രഷ് ബീഫ്, ആട്ടിറച്ചി, പന്നിയിറച്ചി, ചിക്കന്‍, കാട, മുയല്‍, താറാവിറച്ചി എന്നിവ ശീതീകരിച്ചതും സംസ്‌കരിച്ചതുമായ രൂപങ്ങളില്‍ ഇവിടെ നിന്നും ലഭിക്കും. ഡയറി ഉത്പ്പന്നങ്ങളായ പശുവിന്റെയും എരുമയുടെയും പാല്‍, തൈര്, പനീര്‍, നെയ്യ്, ഗുലാബ് ജാമുന്‍, പേഡ, പാലട പായസം, ഐസ്‌ക്രീമുകള്‍ എന്നിവയും ഇവിടെ നിന്നും വാങ്ങാവുന്നതാണ്.
സർവകലാശാലയുടെ ഫാമുകളില്‍ നിന്ന് ലഭിക്കുന്ന പരിസ്ഥിതി സൗഹൃദ കാര്‍ഷിക ഉല്‍പ്പന്നങ്ങളും ജൈവ വളങ്ങളായ മണ്ണിര കമ്പോസ്റ്റ്, ചാണകപ്പൊടി, വേപ്പെണ്ണ എമല്‍ഷനുകള്‍, പഞ്ചഗവ്യം, ജീവാമൃതം തുടങ്ങിയവയും സെയില്‍സ് സെന്ററില്‍ നിന്നും വാങ്ങാനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ശാസ്ത്രീയ കൃഷിരീതികൾ, മൃഗസംരക്ഷണം എന്നിവ ഉള്‍ക്കൊള്ളുന്ന ഇംഗ്ലീഷിലും മലയാളത്തിലുമുള്ള പുസ്തകങ്ങളുടെയും ലഘുലേഖകളുടെയും ഒരു ബൃഹത് ശേഖരവും ഇവിടെയുണ്ട്.
ഞായറാഴ്ച ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും രാവിലെ 9.30 മുതല്‍ വൈകീട്ട് 5.30 വരെയും ഞായറാഴ്ചകളില്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെയും കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സ് യൂണിവേഴ്സിറ്റി മണ്ണൂത്തി ക്യാംപസിലെ ടെക്‌നോളജി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് സെയില്‍സ് സെന്റര്‍ തുറന്നു പ്രവര്‍ത്തിക്കും.
