ഭൂരഹിതരും ഭവനരഹിതരും ഇല്ലാത്ത കേരളം ലക്ഷ്യം: മന്ത്രി ആർ. ബിന്ദു

ഭൂരഹിതരും ഭവനരഹിതരും ഇല്ലാത്ത കേരളമാണ് നമ്മുടെ ലക്ഷ്യമെന്ന് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ. ബിന്ദു. കേരളം ഇതുവരെ ആർജ്ജിച്ച നേട്ടങ്ങളും മുന്നേറ്റങ്ങളും ജനങ്ങളിൽ എത്തിക്കുന്നതിനും ഭാവി വികസനത്തിനായുള്ള ആശയങ്ങൾ സ്വരൂപിക്കുന്നതിനുമായി സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന വികസന സദസിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ലൈഫ് പാർപ്പിട പദ്ധതി തദ്ദേശ സ്വയംഭരണവകുപ്പ് അഭിമാനപൂർവം മുന്നോട്ട് വെച്ച പദ്ധതിയാണ്. നവകേരള നിർമിതിയുടെ ഭാഗമായി എല്ലാവർക്കും വീടും ഭൂമിയുമുള്ള കേരളം സാധ്യമാക്കുകയാണ് നമ്മൾ. അതിൽ സുപ്രധാന പങ്കാണ് ലൈഫ് പാർപ്പിട പദ്ധതിക്കുള്ളത്. പദ്ധതിയുടെ ഭാഗമായി 4.63 ലക്ഷത്തിലധികം വീടുകൾ നിർമാണം പൂർത്തീകരിച്ച് കൈമാറ്റം ചെയ്തു കഴിഞ്ഞു. അഞ്ച് ലക്ഷത്തിൽപരം കുടുംബങ്ങൾക്ക് സർക്കാരിൻ്റെ കാലാവധി പൂർത്തീകരിക്കുന്നതിന് മുമ്പ് സുരക്ഷിതവും സൗകര്യപ്രദവുമായ പാർപ്പിടം പദ്ധതിയിലൂടെ ലഭ്യമാക്കും. അതിദരിദ്രർ ഇല്ലാത്ത സംസ്ഥാനമായി കേരളത്തെ നവംബർ ഒന്നിന് മുഖ്യമന്ത്രി പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു.

ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി 250ൽപ്പരം പുതിയ വീടുകൾ നിർമിക്കാൻ മുരിയാട് പഞ്ചായത്ത് മുൻകൈ എടുത്തിട്ടുണ്ട്. സംസ്ഥാന സർക്കാർ മുന്നോട്ട് വെക്കുന്ന വികസന പ്രവർത്തനങ്ങൾ ഏറ്റവും മാതൃകാപരമായി തന്നെ ഏറ്റെടുത്ത് നടപ്പിലായ മുരിയാട് പഞ്ചായത്തിൽ തന്നെ വികസന സദസിൻ്റെ ജില്ലാതല ഉദ്ഘാടനം നടത്താനായതിൽ സന്തോഷമുണ്ട്. എല്ലാ മേഖലകളിലും സർവസ്പർശിയായ വികസന പ്രവർത്തനങ്ങളാണ് മുരിയാട് ഗ്രാമപഞ്ചായത്ത് കാഴ്ചവെച്ചിരിക്കുന്നത്.

ആധുനിക ജീവിത ശൈലിയുടെ ഭാഗമായി മാലിന്യത്തിൻ്റെ അളവ് കൂടുമ്പോഴും വളരെ സമർത്ഥമായി അതിൻ്റെ സംസ്കരണവും പരിപാലനവും ഏറ്റെടുക്കാൻ നമുക്ക് സാധിച്ചു. ഇന്ന് നമ്മുടെ കേരളം മാലിന്യ വിമുക്ത നവകേരളത്തിലേക്ക് എത്തിച്ചേരുന്നു എന്നത് അഭിമാനകരമായ നേട്ടമാണ്. സാക്ഷാതാ യജ്ഞം നടത്തി സമ്പൂർണ സാക്ഷരത കൈവരിച്ച് ലോക ചരിത്രത്തിൽ തന്നെ അടയാളപ്പെടുത്തിയ ഇടമാണ് കേരളമെന്ന് മന്ത്രി പറഞ്ഞു. ഇപ്പോൾ ഡിജിറ്റൽ സാക്ഷരത സമ്പൂർണ്ണമായി എല്ലാ മേഖലയിലേക്കും എത്തിക്കുന്നതിനുള്ള പദ്ധതികൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുഖാന്തരം നടത്തുകയാണ്. നഗര-ഗ്രാമ വ്യത്യാസമില്ലാതെയാണ് കേരളം ഇപ്പോൾ വളരുന്നത്. ജനങ്ങളുടെ ജീവിതനിലവാരം വർദ്ധിപ്പിക്കുന്നതിനും കേരളത്തിന്റെ സാമ്പത്തിക അടിത്തറ വിപുലീകരിക്കുന്നതിനും നമ്മുടെ ഏറ്റവും വലിയ സമ്പത്തായ വൈജ്ഞാനിക സമ്പത്ത് ഉപയോഗിക്കാനുള്ള പ്രയത്നങ്ങളാണ് വിജ്ഞാനധിഷ്ഠിത സമ്പദ്ഘടനയും വിജ്ഞാനധിഷ്ഠിത സമൂഹവും കെട്ടിപ്പടുത്തുകൊണ്ട് നാം ചെയ്യാൻ പോകുന്നത്.
അതിനായി ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് പ്രഥമ പരിഗണന നൽകുന്ന വികസന കാഴ്ച്ചപ്പാടുകളാണ് സർക്കാർ സ്വീകരിച്ചുവരുന്നത്. ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്നതിനും നാടിൻ്റെ സാമ്പത്തിക അടിത്തറ വിപുലീകരിക്കാനും ദീർഘ വീക്ഷണത്തോടെയുള്ള പദ്ധതികളാണ് സർക്കാർ ആവിഷ്കരിക്കുന്നത്. അതിൽ ഏറ്റവും സംഭാവന നൽകുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് അവയുടെ വികസന പ്രവർത്തനങ്ങൾ ചർച്ച ചെയ്യാനാണ് വികസന സദസുകളെന്ന് മന്ത്രി പറഞ്ഞു. ഏകദേശം 30 കോടിയോളം രൂപയുടെ വികസന പ്രവർത്തനങ്ങൾ മുരിയാട് ഗ്രാമപഞ്ചായത്തിൽ എംഎൽഎ ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കാൻ സാധിച്ചതായും മന്ത്രി പറഞ്ഞു. അധികാരവികേന്ദ്രീകരണം എന്ന പ്രക്രിയ പ്രായോഗിക തലത്തിൽ നടപ്പിലാക്കിക്കൊണ്ട് ജനകീയ ആസൂത്രണം എന്ന സമാനതകൾ ഇല്ലാത്ത മാതൃക ലോകത്തിനു മുന്നിൽ അവതരിപ്പിച്ചവരാണ് കേരളീയർ. അതുപോലെ സമാനതകളില്ലാത്ത മറ്റൊരു മാതൃകയാണ് കുടുംബശ്രീ എന്നും ഇന്ന് ഏത് പഞ്ചായത്തിലും വികസന പ്രവർത്തനങ്ങളുടെ പതാകവാഹകരാണ് കുടുംബശ്രീ പ്രവർത്തകരെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വിവിധ പദ്ധതികളിലൂടെ 1000 ലേറെ കുടുബങ്ങൾക്ക് വ്യക്തിഗത ആനുകൂല്യങ്ങൾ ലഭിക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ കാഴ്ച്ചവെച്ച പഞ്ചായത്തിനെ മന്ത്രി അനുമോദിച്ചു.
പഞ്ചായത്ത് നടപ്പിലാക്കിയ വിവിധ വികസന പ്രവർത്തനങ്ങളും മന്ത്രി വിശദീകരിച്ചു. പഞ്ചായത്തിൻ്റെ വികസന പ്രവർത്തനങ്ങൾ ഉൾകൊള്ളിച്ച വികസന രേഖ മന്ത്രി ചടങ്ങിൽ പ്രകാശനം ചെയ്തു.

മുരിയാട് ഗ്രാമപഞ്ചായത്തിലെ ആനന്ദപുരം ഇ.എംഎസ് ഹാളിൽ നടന്ന ചടങ്ങിൽ മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. സർക്കാരിൻ്റെ വിവിധ പ്രവർത്തനങ്ങൾ ഉൾകൊള്ളിച്ച് ഇൻഫർമേഷൻസ് ആൻ്റ് പബ്ലിക്ക് റിലേഷൻസ് വകുപ്പ് തയ്യാറാക്കിയതും മുരിയാട് ഗ്രാമപഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങളും ഉൾകൊള്ളിച്ച വീഡിയോ സദസിൽ പ്രദർശിപ്പിച്ചു. തദ്ദേശ സ്വയംഭരണവകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ വി. രഘുലാൽ സംസ്ഥാന സർക്കാറിന്റെ വികസന പ്രവർത്തനങ്ങൾ അവതരിപ്പിച്ചു. വിവിധ വികസന മേഖലകളുടെ പ്രതിനിധികള്‍ ഓരോ വിഷയങ്ങളിലുള്ള അഭിപ്രായങ്ങള്‍ അവതരിപ്പിക്കുകയും ചര്‍ച്ചകള്‍ക്കു ശേഷം അഭിപ്രായങ്ങള്‍ ക്രോഡീകരിക്കുകയും ചെയ്തു.

വിവിധ മേഖലകളിൽ പഞ്ചായത്ത് കൈവരിച്ച നേട്ടങ്ങളും ലക്ഷ്യങ്ങളും സംബന്ധിച്ച റിപ്പോർട്ട് പഞ്ചായത്ത് സെക്രട്ടറി എം. ശാലിനി അവതരിപ്പിച്ചു. പഞ്ചായത്തിൻ്റെ വിവിധ വികസന പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ ഉൾകൊള്ളിച്ച എക്‌സിബിഷൻ, ജോബ് ഫെയർ രജിസ്ട്രേഷൻ, കെ-സ്മാർട്ട് ക്ലിനിക് എന്നിവയും വികസന സദസിൻ്റെ ഭാഗമായി നടന്നു.

അങ്കണവാടി വര്‍ക്കര്‍മാര്‍, ഹെൽപ്പർമാർ, പാലിയേറ്റീവ് ജീവനക്കാർ പഞ്ചായത്തിന്റെ വിവിധ വികസന പ്രവർത്തനങ്ങളിൽ സംഭാവന നൽകിയ വിവിധ വ്യക്തികളെയും സ്ഥാപനങ്ങളെയും, ചടങ്ങിൽ ആദരിച്ചു. ചടങ്ങിനോടനുബന്ധിച്ച് മാസ്റ്റര്‍ അനന്യാസിന്‍റെ ചാക്യാര്‍ കൂത്ത്, പ്രദീപ് പൂലാനിയുടെ ആക്ഷേപഹാസ്യാവതരണം, മധുരം മലയാളം, കുമാരി ഗൗരി കൃഷ്ണയുടെ ഇടയ്ക്ക കച്ചേരി എന്നിവയും അവതരിപ്പിച്ചു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രതി ഗോപി, തദേശസ്വയംഭരണ വകുപ്പ് അസിസ്‌റ്റന്റ് ഡയറക്ടർമാരായ പി. എൻ. വിനോദ്‌കുമാർ എന്നിവർ സംസാരിച്ചു. വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങൾ, വാർഡ് മെമ്പർമാർ എന്നിവർ പങ്കെടുത്തു.