ലോക ഹൃദയ ദിനത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പ്, ഐ.എം.എ, കെ.ജി.എം.ഒ.എ എന്നിവയുടെ നേതൃത്വത്തിൽ നടത്തുന്ന ഹൃദയപൂർവം ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്‌നകുമാരി നിർവഹിച്ചു. ക്യാമ്പയിന്റെ ലോഗോ, പോസ്റ്റർ എന്നിവയുടെ പ്രകാശനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർവഹിച്ചു. ജില്ലാ കലക്ടർ അരുൺ കെ വിജയൻ പോസ്റ്റർ ഏറ്റുവാങ്ങി.
ജില്ലാ ആശുപത്രിയിലെ കാർഡിയോളജിസ്റ്റ് ഡോ. പി.ജി നവനീത്, ആർ.എം.ഒ ഡോ. സുമിൻ, ഡോ. ജിതിൻ എന്നിവരുടെ നേതൃത്വത്തിൽ കലക്ടറേറ്റ് ജീവനക്കാർക്ക് പ്രാഥമിക ശുശ്രൂഷയായ സി.പി.ആർ പരിശീലനം നൽകി. ഐ.എം.എ സംസ്ഥാനതല എമർജൻസി ലൈഫ് സപ്പോർട്ട് കോ ഓർഡിനേറ്റർ ഡോ. സുൽഫിക്കർ അലി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. രത്‌നകുമാരിക്ക് പരിശീലനം നൽകിക്കൊണ്ട് ക്യാമ്പയിന് തുടക്കം കുറിച്ചു. കലക്ട്രേറ്റിലെ തെരഞ്ഞെടുത്ത 35 ജീവനക്കാർക്കാണ് പ്രത്യേക പരിശീലനം നൽകിയത്.
കലക്ടറേറ്റ് സ്റ്റാഫ് കൗൺസിലിന്റെ സഹകരണത്തോടെ 230 ജീവനക്കാരിൽ ജീവിതശൈലി രോഗ നിർണയ പരിശോധന നടത്തി. ഹൃദയപൂർവം ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ മുഴുവൻ നിയമസഭാ മണ്ഡലങ്ങളിലുമായി 17 കേന്ദ്രങ്ങളിൽ പൊതുജനങ്ങൾക്ക് ഹൃദയാഘാതത്തിൽ പ്രാഥമിക ശുശ്രൂഷ പരിശീലനവും നൽകി.
ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പി.കെ അനിൽകുമാർ അധ്യക്ഷനായി. ജില്ലാ പോലീസ് മേധാവി നിതിൻരാജ് വിശിഷ്ടാതിഥിയായി.
