ഭാവി കൊട്ടിയൂരിനായി സുസ്ഥിര വികസന സാധ്യതകൾ ചർച്ച ചെയ്തും വിനോദ സഞ്ചാരം, കാർഷിക-ക്ഷീര- മൃഗസംരക്ഷണം ഉൾപ്പെടെയുള്ള മേഖലകളിലെ നേട്ടങ്ങൾ അവതരിപ്പിച്ചും കൊട്ടിയൂർ ഗ്രാമ പഞ്ചായത്ത് വികസന സദസ്സ്. പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം വികസന സദസ്സ് ഉദ്ഘാടനം ചെയ്തു. മനുഷ്യ- വന്യജീവി സംഘർഷം നേരിടുന്നതിന് കൂടുതൽ കർമ്മപദ്ധതികൾ ആവിഷ്‌ക്കരിച്ചും വിനോദ സഞ്ചാര മേഖല കേന്ദ്രീകരിച്ച് കൂടുതൽ പദ്ധതികൾ യഥാർത്ഥ്യമാക്കിയും കൊട്ടിയൂരിനെ പഴയ പ്രതാപത്തിലേക്ക് തിരികെ കൊണ്ടുവരുമെന്ന് പ്രസിഡന്റ് പറഞ്ഞു.
മാലിന്യ നിർമാർജനത്തിൽ ജില്ലയിൽ ഒന്നാമതാണ് കൊട്ടിയൂർ പഞ്ചായത്ത്. കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ ഭാഗമായി 3.2 ടൺ മാലിന്യം 2025 ജൂൺ രണ്ടു മുതൽ ഹരിതസേന അംഗങ്ങൾ മുഖേന നീക്കം ചെയ്തു. പഞ്ചായത്തിൽ കുടിവെള്ള പദ്ധതി സമയബന്ധിതമായി പൂർത്തീകരിച്ചു. സോളാർ ഹാങ്ങിഗ് ഫെൻസിംഗ് മാതൃകാപരമായി നടപ്പാക്കി. മിനി – ഹൈമാസ്റ്റ് ലൈറ്റുകൾക്കൊപ്പം 800 ലധികം സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിച്ചു. തൊഴിലുറപ്പ് പദ്ധതിക്ക് മികച്ച രീതിയിൽ ശ്രദ്ധ നൽകി. ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും മാനസിക പിന്തുണ നൽകി. വിവിധ ഭവന നിർമാണ പുനരുദ്ധാരണ പദ്ധതികൾ, അതിദാരിദ്ര്യ നിർമാർജനം, ആരോഗ്യ മേഖലയിലെ മുന്നേറ്റം തുടങ്ങിയ നേട്ടങ്ങളും പഞ്ചായത്ത് പ്രസിഡന്റ് വികസന സദസ്സിൽ അവതരിപ്പിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫിലോമിന തുമ്പതുരുത്തിയിൽ അധ്യക്ഷയായി. പഞ്ചായത്തിൻ്റെ വികസന നേട്ടങ്ങൾ ഉൾകൊള്ളിച്ച പ്രോഗ്രസ് റിപ്പോർട്ട് ആസൂത്രണ സമിതി ഉപാധ്യക്ഷൻ തങ്കപ്പൻ മാസ്റ്ററിനു നൽകി പഞ്ചായത്ത് പ്രസിഡന്റ് പ്രകാശനം ചെയ്തു. പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിനായി സ്ഥലം വിട്ടുനൽകിയ പന്തപ്ലാക്കൽ ജോണിയെ പരിപാടിയിൽ ആദരിച്ചു. വികസന സദസ്സ് സംബന്ധിച്ച സംസ്ഥാനതല റിപ്പോർട് കില ബ്ലോക്ക് കോ ഓർഡിനേറ്റർ പി.എം രമണൻ അവതരിപ്പിച്ചു. സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ കോർത്തിണക്കിയ വീഡിയോ പ്രദർശിപ്പിച്ചു. അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട് വിവിധ മേഖലകളിൽ കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് കൈവരിച്ച നേട്ടങ്ങൾ പഞ്ചായത്ത് സെക്രട്ടറി റെജി പി മാത്യു അവതരിപ്പിച്ചു. തുടർന്ന് പഞ്ചായത്തിന്റെ ഭാവി വികസനത്തിനാവശ്യമായ ആശയങ്ങളും നിർദേശങ്ങളും പൊതു ജനങ്ങൾ അവതരിപ്പിച്ചു.
കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ പി.ജെ ഷാജി, ഉഷ അശോക് കുമാർ, ജീജ ജോസഫ്, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഇന്ദിര ശ്രീധരൻ, കെ സുനീന്ദ്രൻ, കൊട്ടിയൂർ പഞ്ചായത്ത് അംഗങ്ങളായ മിനി പൊട്ടങ്കൽ, ബാലൻ പുതുശേരി, ഷേർലി പടിയാനിക്കൽ, ബാബു കാരിവേലിൽ, എ.റ്റി തോമസ്, ജെസ്സി റോയി, ലൈസ ജോസ്, ബാബു മാങ്കോട്ടിൽ, തോമസ് പൊട്ടനാനിയിൽ, അസിസ്റ്റൻ്റ് സെക്രട്ടറി എം ജി സുബാഷ് എന്നിവർ പങ്കെടുത്തു.
