കൊട്ടാരക്കരയെ സ്വയംപര്യാപ്ത വികസന കേന്ദ്രമാക്കും: മന്ത്രി കെ.എൻ. ബാലഗോപാൽ
കൊട്ടാരക്കര നിയോജക മണ്ഡലത്തിന്റെ സമഗ്രമായ ഭാവി വികസനം ചർച്ച ചെയ്യുന്നതിനുള്ള ‘വിഷൻ 2031’ വികസന സെമിനാർ പുലമൺ മാർത്തോമ്മ ജൂബിലി മന്ദിര ഹാളിൽ ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. കൊട്ടാരക്കരയെ സ്വയംപര്യാപ്ത വികസന കേന്ദ്രമാക്കാൻ സമസ്ത തലങ്ങളിലും വിവിധ പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
കൊട്ടാരക്കരയിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി ബൈപ്പാസ് നിർമിക്കുന്നതിനുള്ള ഭരണാനുമതി ലഭിച്ചു. എം.സി റോഡിൽ നിന്നാരംഭിച്ച് മൈലം വില്ലേജ് ഓഫീസിന് സമീപം എത്തിച്ചേരുന്ന വിധമുള്ള ബൈപ്പാസിന്റെ ഭൂമി ഏറ്റെടുക്കുന്നതിനായി 110 കോടി രൂപ കിഫ്ബി വഴി അനുവദിച്ചു. 20 കോടി രൂപ ചെലവഴിച്ചുള്ള കൊട്ടാരക്കര- പുത്തൂർ- ശാസ്താംകോട്ട റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഐ.എച്ച്.ആർ.ഡി ക്യാമ്പസിൽ അഞ്ചു ബിരുദ കോഴ്സുകളുമായി ആർട്സ് കോളജ്, മൂന്നാം വർഷത്തിലേക്ക് കടക്കുന്ന സി പാസ് നഴ്സിംഗ് കോളജ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കെട്ടിടങ്ങൾ നിർമിക്കാനുള്ള നടപടികളും പുരോഗമിക്കുന്നു.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ ഒരു ഭാഗം നിർമാണം പൂർത്തീകരിച്ചു. അടുത്ത ഭാഗത്തിന്റെ റീ- ടെൻഡറിങ് പ്രവർത്തികൾ നടക്കുന്നു. 11 കോടി രൂപയ്ക്ക് ആയുർവേദ ആശുപത്രിയും ഉയരുന്നു. കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ അഞ്ചു കോടി രൂപ ചെലവിൽ 20 മുറികളോട് കൂടിയ തീർത്ഥാടന കേന്ദ്രം, ഏഴര കോടി രൂപ ചെലവിൽ അതിഥി മന്ദിരം തുടങ്ങിയവയുടെ നിർമാണവും ഉടൻ ആരംഭിക്കും.
കൊട്ടാരക്കര ഇ.ടി.സി ക്യാമ്പസിൽ കണ്ടെത്തിയ സ്ഥലത്ത് ബജറ്റിൽ അനുവദിച്ച അഞ്ചു കോടി രൂപ ഉപയോഗിച്ച് സയൻസ് മ്യൂസിയവും പ്ലാനിറ്റോറിയവും സ്ഥാപിക്കും. വ്യവസായ വികസനം ലക്ഷ്യമിട്ട് വിഴിഞ്ഞം – കൊല്ലം -പുനലൂർ ത്രികോണ പാത കൊണ്ടുവരുന്നതിന് 1000 കോടി രൂപയാണ് സ്ഥലം ഏറ്റെടുക്കൽ പ്രവർത്തികൾക്കായി മാറ്റിവെച്ചിട്ടുള്ളത്. മുട്ടറ, മീൻപിടിപ്പാറ തുടങ്ങി വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങൾ ബന്ധിപ്പിച്ച് 25 കോടി രൂപയുടെ ടൂറിസം വികസന പ്രവർത്തനങ്ങൾ സാധ്യമാക്കും.
സോഹോയുടെ നെടുവത്തൂരിലെ റസിഡൻഷ്യൽ ഐ.ടി പാർക്കിൽ 250 ജീവനക്കാരാണ് ജോലി ചെയ്യുന്നത്. കൊട്ടാരക്കര രവി നഗറിൽ കെ ഐ പി ക്യാമ്പസിൽ 13,827 സ്ക്വയർ മീറ്ററിൽ 80 കോടി രൂപ ചിലവഴിച്ചുള്ള സർക്കാർ ഐടി പാർക്ക്, കില ക്യാമ്പസിൽ ഡ്രോൺ പാർക്ക്, കൊട്ടാരക്കര ബിഎസ്എൻഎൽ കെട്ടിടത്തിൽ ആരംഭിക്കാൻ പോകുന്ന വർക്ക് നിയർ ഹോം എന്നിവ സാധ്യമാകുന്നതോടുകൂടി സാങ്കേതിക മേഖലയിൽ വലിയ നേട്ടമാകും കൈവരിക്കാൻ പോകുന്നത്.
പുത്തൂരിലും നെടുമൺകാവിലും ഹൈടെക് മത്സ്യമാർക്കറ്റുകളും വ്യാപാര സമുച്ചയവും പൂർത്തിയായി. കലയപുരത്ത് രണ്ട് കോടി രൂപ ചിലവിലും എഴുകോണിൽ 3 കോടി രൂപ ചെലവിലും മത്സ്യമാർക്കറ്റിൻ്റെ നിർമാണം ആരംഭിച്ചിട്ടുണ്ട്. മൈലം, വെളിയം തുടങ്ങിയ ഗ്രാമപഞ്ചായത്തുകളിൽ മത്സ്യമാർക്കറ്റും വ്യാപാര സമുച്ചയവും സ്ഥാപിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കൊട്ടാരക്കര സബ് ജയിൽ നഗരത്തിൽ നിന്ന് മാറ്റി സ്ഥാപിക്കുന്നതിന് സ്ഥലം വാങ്ങുന്നതിന് പണം അനുവദിച്ചിട്ടുണ്ട്. 9.44 കോടി രൂപ ചെലവിൽ അത്യാധുനിക രീതിയിൽ കൊട്ടാരക്കര കെഎസ്ആർടിസി ബസ് സ്റ്റാൻഡ് നവീകരിക്കും. പ്രവാസികളെയും സംരംഭകരെയും കൂടുതൽ ആകർഷിക്കുന്ന നിക്ഷേപ കേന്ദ്രമായി കൊട്ടാരക്കരയെ മാറ്റാനാണ് വിഷൻ 2031 ലൂടെ ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കൊട്ടാരക്കര നിയോജക മണ്ഡലത്തിലെ നടപ്പാക്കിയതും ഇനി വരാൻ പോകുന്നതുമായ പദ്ധതികളുടെ വികസനരേഖ മുൻ എം.എൽ.എ കെ ആർ ചന്ദ്രമോഹന് മന്ത്രി കൈമാറി. ജില്ലാ കലക്ടർ എൻ ദേവിദാസ് മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസം, ആരോഗ്യം, വ്യവസായം, റോഡും സൗകര്യവും മെച്ചപ്പെടുത്തൽ തുടങ്ങി നാല് മേഖലകളിലൂന്നിയുള്ള ചർച്ചകളാണ് വികസന സെമിനാറിൽ നടന്നത്. കൊട്ടാരക്കര മുൻസിപ്പൽ ചെയർമാൻ അഡ്വ. ഉണ്ണികൃഷ്ണ മേനോൻ അധ്യക്ഷനായി. കൊട്ടാരക്കര നിയോജകമണ്ഡലത്തിലെ പദ്ധതികളുടെ മേൽനോട്ടം വഹിക്കുന്ന വിവിധ ഉദ്യോഗസ്ഥർ നടപ്പിലാക്കുന്ന പദ്ധതികളുടെ അവതരണം നടത്തി. വികസന ചർച്ചയിൽ ജനങ്ങൾ ഉന്നയിച്ച ആവശ്യങ്ങൾക്കുള്ള പരിഹാരവും ആശങ്കകൾക്കുള്ള മറുപടിയും മന്ത്രി നൽകി.
കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ അഭിലാഷ്, വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് രഞ്ജിത്ത്, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാരായ സജി കടുക്കാല, ബിന്ദു ജി നാഥ്, വികെ ജ്യോതി, എസ് എസ് സുവിധ, ബിജു എബ്രഹാം, ആർ പ്രശാന്ത്, വികസന സെമിനാർ കോഓർഡിനേറ്റർ പി കെ ജോൺസൺ, സ്റ്റാർട്ടപ്പ് മിഷൻ സി.ഇ.ഒ അനൂപ് അംബിക, കെ എസ് ഇന്ദു ശേഖരൻ നായർ, എ.ഷാജു, പി.എ എബ്രഹാം, കേരള സാങ്കേതിക സർവകലാശാല മുൻ പ്രോ വൈസ് ചാൻസലർ ഡോ. എസ് അയൂബ്, പൊതുമരാമത്ത് വകുപ്പ് ചീഫ് ആർക്കിടെക്ട് ഗിരീഷ്, ജലവിഭവ വകുപ്പ് റിട്ട. സൂപ്രണ്ടിംഗ് എൻജിനീയർ ബാജി, റിട്ട. എക്സിക്യൂട്ടീവ് എൻജിനീയർ ഷിലു തുടങ്ങിയവർ പങ്കെടുത്തു.
