പ്രാദേശിക സാധ്യതകൾ സമൂഹത്തിന്റെ സമഗ്ര വികസനത്തിനായി പ്രയോജനപ്പെടുത്തുന്ന ഉദാത്ത മാതൃകയാണ് തദ്ദേശ സ്ഥാപനങ്ങൾ മുന്നോട്ട് വെക്കുന്നതെന്ന് രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. കൂത്തുപറമ്പ് നിയോജക മണ്ഡലം ജനപ്രതിനിധി സംഗമം സാഫല്യം 25 പാനൂർ സുമംഗലി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ജനങ്ങളുടെ ജീവൽ, സാമ്പത്തിക പ്രശ്നങ്ങളും സാമൂഹ്യ, ആനുകാലിക വിഷയങ്ങളും ചർച്ച ചെയ്ത് സമൂഹത്തിന്റെ സർവ്വതോന്മുഖ വികസനം തദ്ദേശസ്ഥാപനങ്ങളിലൂടെ സാധ്യമായി. നാടിന്റെ ബഹുമുഖത്വം നിലനിർത്തുന്നതിന് ഇത് സഹായകമായെന്നും മന്ത്രി പറഞ്ഞു.

കെ.പി.മോഹനൻ എംഎൽഎ അധ്യക്ഷത വഹിച്ചു. കൂത്തുപറമ്പ് മണ്ഡലത്തിലെ 2020-25 വർഷത്തിലെ വികസന സുവനീർ മന്ത്രി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. രത്നകുമാരിക്ക് നൽകി പ്രകാശനം ചെയ്തു. എം സുകുമാരൻ, എ പ്രദീപൻ, പി ദിനേശൻ, സന്തോഷ് വി കരിയാട്, കെ പി ശിവപ്രസാദ്, പി റഷീദ്, മുന്ന സദാനന്ദൻ എന്നിവർ സംസാരിച്ചു.

വികസന നേട്ടങ്ങളുടെ നേർസാക്ഷ്യം

വികസന സ്വപ്നങ്ങളും നേട്ടങ്ങളും ജനസമക്ഷം എത്തിക്കുന്നതിനായി സംഘടിപ്പിച്ച ‘സാഫല്യം 25’ തദ്ദേശ സ്ഥാപനങ്ങൾ നടത്തിയ വികസന നേട്ടങ്ങളുടെ നേർസാക്ഷ്യമായി. 2020-25 വർഷത്തെ വികസനങ്ങളുടെ സാക്ഷാത്ക്കാരം എന്ന വിഷയത്തിൽ ആരംഭിച്ച സെമിനാറിൽ മൊകേരി, പാട്യം, കുന്നോത്തുപറമ്പ്, കോട്ടയം പഞ്ചായത്തുകളും കൂത്തുപറമ്പ് നഗരസഭയും നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ അവതരിപ്പിച്ചു. കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.ഷീല അധ്യക്ഷയായി. കില ജില്ലാ കോ-ഓർഡിനേറ്റർ പി.വി. രത്നാകരൻ മോഡറേറ്ററായി. കൂത്തുപറമ്പ് നഗരസഭ ചെയർപേഴ്സൺ വി.സുജാത, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ സി.രാജീവൻ (കോട്ടയം), പി.വത്സൻ (മൊകേരി), കെ. ലത (കുന്നോത്ത്പറമ്പ്) എന്നിവർ സംസാരിച്ചു. തുടർന്ന് 2025-30 വർഷത്തിൽ ത്രിതല പഞ്ചായത്ത് തുടർ പ്രവർത്തനങ്ങളും പ്രതീക്ഷകളും എന്ന വിഷയത്തിൽ സെമിനാർ നടന്നു.