കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളിലായി വിവിധ മേഖലകളില്‍ നടപ്പാക്കിയ 49 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിച്ച് പൂതക്കുളം ഗ്രാമപഞ്ചായത്ത് വികസനസദസ്. പൂതക്കുളം സഹകരണ സര്‍വീസ് ബാങ്ക് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സദസ് ജി.എസ്.ജയലാല്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
സര്‍ക്കാര്‍ പിന്തുണയില്‍ 40 കോടി രൂപ ചെലവഴിച്ച് പൂതക്കുളത്തെ 30 ഗ്രാമീണ റോഡുകള്‍ നവീകരിച്ചു. കര്‍ഷകര്‍ക്ക് ആശ്വാസമായി മൂന്നു കോടി 65 ലക്ഷം രൂപ ചെലവഴിച്ച് കാര്‍ഷിക മേഖലയില്‍ അടിസ്ഥാന സൗകര്യ വികസനം സാധ്യമാക്കി. പൂതക്കുളത്തെ കൃഷിഭവനെ സ്മാര്‍ട്ടാക്കാന്‍ 30 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. പൂതക്കുളം സ്‌കൂളില്‍ അഞ്ചു കോടി രൂപയുടെ ഭൗതിക വികസനം നടപ്പാക്കി. ‘ദാഹനീര്‍’ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആറ് കോടി രൂപ ചെലവഴിച്ച് പൊതുയിടങ്ങളില്‍ പൈപ്പ് ലൈന്‍ സ്ഥാപിച്ച് പഞ്ചായത്തിലെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തി. ഇത്തിക്കരയാറ് കേന്ദ്രീകരിച്ച് ഏഴു കോടി രൂപ ചെലവഴിച്ച് കുടിവെള്ള പ്ലാന്റ് നിര്‍മിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. 25 ലക്ഷം രൂപ ചെലവഴിച്ച് പൂതക്കുളം പഞ്ചായത്തിലെ നാല് അംഗനവാടികള്‍ സ്മാര്‍ട്ടാക്കി നാടിന് സമര്‍പ്പിക്കുമെന്നും വികസനസദസില്‍ വ്യക്തമാക്കി.
പൂതക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് അമ്മിണി അമ്മ അധ്യക്ഷയായി. സെക്രട്ടറി ആര്‍.രാജേഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഡി.സുരേഷ് കുമാര്‍ മോഡറേറ്ററായ ഓപ്പണ്‍ ഫോറത്തില്‍ ഭാവി വികസന കാഴ്ചപ്പാടുകളും, നിര്‍ദ്ദേശങ്ങളും അവതരിപ്പിച്ചു. സദസിനോടനുബന്ധിച്ച് കെ- സ്മാര്‍ട്ട് സേവനങ്ങള്‍ ലഭ്യമാക്കി. വിദ്യാഭ്യാസ, കായിക, കാര്‍ഷിക മേഖലകളില്‍ സമഗ്ര സംഭാവന നല്‍കിയ പ്രദേശവാസികളെ ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എം.കെ.ശ്രീകുമാര്‍ ആദരിച്ചു. പൂതക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ജി.ജയ, ജില്ലാ പഞ്ചായത്ത് അംഗം എ.ആശാ ദേവി, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സനിത രാജീവ്, ബ്ലോക്ക് പഞ്ചായത്ത് അംഗം എന്‍.സദാനന്ദന്‍പിള്ള, പൂതക്കുളം ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലൈലാ ജോയി, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജീജാ സന്തോഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പ്രസന്നകുമാരി, വി. പ്രദീപ്, ഷാജി കുമാര്‍, കെ.പ്രകാശ് തുടങ്ങിയവര്‍ പങ്കെടുത്തു.