കെട്ടിട നിര്‍മ്മാണ മേഖലയില്‍ സജീവ സാന്നിധ്യമാകാനൊരുങ്ങുകയാണ് മൂന്നിലവ് ഗ്രാമപഞ്ചായത്തിലെ  കുടുംബശ്രീ വിമന്‍ കണ്‍സ്ട്രക്ഷന്‍ ഗ്രൂപ്പ്. ഗ്രൂപ്പിലെ 26 സ്ത്രീ തൊഴിലാളികള്‍  പഞ്ചായത്തിലെ വാളകത്ത് തോട്ടത്തില്‍ പുത്തന്‍പുരയില്‍ ഓനച്ചന്‍ ഓസേപ്പിന്റെ വീട് നിര്‍മ്മാണത്തിന്റെ തിരക്കിലാണ്. ഈ മേഖലയില്‍ തൊഴിലെടുക്കാനും സ്വയം തൊഴില്‍ കണ്ടെത്താനും  താല്‍പര്യമുള്ള വനിതകള്‍ക്കായി കുടുംബശ്രീ ജില്ലാ മിഷന്‍ നല്‍കുന്ന പ്രായോഗിക പരിശീലനത്തിന്റെ ഭാഗമായാണ് ഭവന നിര്‍മ്മാണം. വീടിന്റെ തറ കെട്ടുന്നത് മുതല്‍ പബ്ലിംഗ്, ഇലക്ട്രിക്കല്‍ ജോലികളടക്കം താക്കോല്‍ കൈമാറുന്നത് വരെയുള്ള എല്ലാ നിര്‍മ്മാണ ജോലികളും  കുടുംബശ്രീ അംഗങ്ങള്‍ തന്നെ ചെയ്യും. സഹായത്തിനായി രണ്ട് പുരുഷന്‍മാര്‍ മാത്രമാണുള്ളത്. പരിശീലന കാലയളവില്‍ അംഗങ്ങള്‍ക്ക് സ് റ്റൈപെന്റ് മാത്രമാണുള്ളത്. പഞ്ചായത്തിന്റെ ലൈഫ് പദ്ധതിയില്‍ നാല് ലക്ഷം രൂപ ധനസഹായം ലഭിക്കുന്ന  വീടാണിവര്‍ നിര്‍മ്മിക്കുന്നത്.  
  53 ദിവസം കൊണ്ട് വീട് നിര്‍മ്മാണം പൂര്‍ത്തീകരിക്കാനാണ് ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. ജനുവരി ആദ്യ വാരത്തോടെ താക്കോല്‍ കൈമാറാമെന്ന പ്രതീക്ഷയിലാണ് പ്രവര്‍ത്തകര്‍. പരിശീലനമാണെങ്കിലും ഗുണമേന്മയില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും ഇവര്‍ തയ്യാറല്ല. എഞ്ചിനീയര്‍മാരുടെ സഹായത്താല്‍ നിര്‍മ്മാണത്തിന്റെ ഓരോ ഘട്ടവും കുടുംബശ്രീ ജില്ലാ മിഷന്‍ സൂക്ഷ്മമായി വിലയിരുത്തുന്നുണ്ട്. പരിശീലനം പൂര്‍ത്തിയാകുന്നതോടെ ഈ ഗ്രൂപ്പ് സര്‍ക്കാര്‍ അംഗീകാരമുള്ള നിര്‍മ്മാണ ഏജന്‍സിയാകും. ഇതോടെ ലൈഫ് പദ്ധതി ഉള്‍പ്പെടെയുള്ള സര്‍ക്കാരിന്റെ കെട്ടിട നിര്‍മ്മാണ പദ്ധതികള്‍ ഗ്രൂപ്പിന് ഏറ്റെടുക്കാനാകും. ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ രണ്ട് മാസം മുമ്പ് ഇവര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കിയിരുന്നു. 
ആശ്രയമില്ലാത്തവരും നിസ്സഹായരുമായ കുടുംബങ്ങള്‍ക്ക്  കുറഞ്ഞ ചെലവില്‍  വീട് നിര്‍മ്മിക്കുന്നതിന് പദ്ധതി സഹായകരമാകുമെന്ന് മൂന്നിലവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലേഖ കൃഷ്ണന്‍കുട്ടി പറഞ്ഞു.