കായംകുളത്ത് പ്രവർത്തിക്കുന്ന കേന്ദ്ര തോട്ടവിള ഗവേഷണ മേഖലാ കേന്ദ്രം നിലനിർത്തണമെന്നാവശ്യപ്പെട്ട് കൃഷി മന്ത്രി അഡ്വ. വി.എസ് സുനിൽകുമാർ, കേന്ദ്ര കൃഷി മന്ത്രി രാധാമോഹൻ സിംഗ്, ഐ.സി.എ.ആർ ഡയറക്ടർ ജനറൽ ഡോ. ത്രിലോചൻ മഹാപാത്ര എന്നിവർക്ക് കത്തയച്ചു.
1937ൽ ആരംഭിച്ച കായംകുളം മേഖലാ കേന്ദ്രത്തിൽ തെങ്ങിനങ്ങളുടെ ഗവേഷണമാണ് പ്രധാനമായും നടത്തുന്നത്.  സംസ്ഥാനത്ത് തെങ്ങുകൃഷി വ്യാപകമാക്കുന്നതിനും നാളികേര ഉല്പാദനം വർദ്ധിപ്പിക്കുന്നതിനും കൃഷി വകുപ്പ് മന്ത്രി ചെയർമാനായി നാളികേര വികസന കൗൺസിൽ രൂപീകരിച്ച് അതിന്റെ പ്രവർത്തനങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.  ഈ സന്ദർഭത്തിൽ കേരളത്തിന്റെ അഭിമാനമായ കേന്ദ്ര തോട്ടവിള ഗവേഷണ മേഖലാ കേന്ദ്രം അടച്ചുപൂട്ടുന്നതിനുള്ള നീക്കം പ്രതിഷേധാർഹമാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
നിലവിൽ സംസ്ഥാനത്തെ തെങ്ങ് കൃഷിയുടെ വിസ്തൃതി 7.81 ലക്ഷം ഹെക്ടറാണ്.  ഇത് 9.25 ലക്ഷം ഹെക്ടറിലേക്ക് എത്തിക്കുന്നതിനും അതുവഴി ഹെക്ടറിന് 6889 നാളികേരം എന്ന നിലയിൽ നിന്ന് ഉല്പാദനം ഹെക്ടറിന് 8500 എങ്കിലും ആക്കി ഉയർത്തുന്നതിനാണ് കൃഷി വകുപ്പ് ലക്ഷ്യമിട്ടിരിക്കുന്നത്. അടുത്ത വർഷം മുതൽ സംസ്ഥാനത്ത് 15ലക്ഷം തെങ്ങിൻതൈകൾ വീതം പ്രതിവർഷം വിതരണം ചെയ്യുന്നതിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന മന്ത്രിതലയോഗം തീരുമാനിച്ചിട്ടുണ്ട്.
കായംകുളം മേഖലാ കേന്ദ്രം പൂട്ടുന്നത് സംസ്ഥാനത്ത് മികച്ചയിനം തെങ്ങിൻതൈകളുടെ ദൗർലഭ്യത്തിന് വഴിയൊരുക്കും.  ആലപ്പുഴ ജില്ലയിലെ കൃഷി വിജ്ഞാൻ കേന്ദ്രയുടെ ആസ്ഥാനം കായംകുളത്തെ കേന്ദ്ര തോട്ടവിള ഗവേഷണ മേഖലാ കേന്ദ്രത്തിലാണ്.  ഈ കേന്ദ്രം അടച്ചുപൂട്ടിയാൽ കൃഷി വിജ്ഞാൻ കേന്ദ്രയും ഇല്ലാതാകുന്ന സ്ഥിതിയുണ്ടാകുമെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.  കേരളത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഐ.സി.എ.ആർ-സി.പി.സി.ആർ.ഐ സ്ഥാപനങ്ങൾ യാതൊരു കാരണവശാലും അടച്ചുപൂട്ടരുതെന്നും ഈ സ്ഥാപനങ്ങളിലെ ഗവേഷകരുടെയും ഉദ്യോഗസ്ഥരുടെയും എണ്ണവും ഇവയ്ക്ക് നൽകുന്ന ധനസഹായം വെട്ടിക്കുറക്കരുതെന്നും കത്തിൽ ആവശ്യപ്പെട്ടു.