കുട്ടികളോട് കളിക്കുമ്പോള്‍ ഇനി സൂക്ഷിക്കണം. പ്രത്യേകിച്ച് പന്തളത്തെ മാന്തുക ഗവണ്‍മെന്റ് യു.പി സ്‌കൂളിലെ കുട്ടികളോട്. ആയോധനകലയായ കളരിപ്പയറ്റ് കൊണ്ട് പ്രതിരോധിച്ച് മിടുക്ക് തെളിയിക്കുകയാണ് ഇവിടെയുള്ള ഒരുപറ്റം കുട്ടി പെണ്‍പട. സ്വയം പ്രതിരോധത്തിനുള്ള കഴിവ് ആര്‍ജിക്കുന്നതിന്റെ ഭാഗമായി ശാരീരികമായും മാനസികമായും കുട്ടികളെ സജ്ജരാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പി.ടി.എ ഇവര്‍ക്ക് പരിശീലനം ഒരുക്കുന്നത്. കേരള സ്പോര്‍ട്സ് കൗണ്‍സിലുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ചെങ്ങന്നൂര്‍ പണിക്കേഴ്സ് കളരിയിലെ ഗുരുക്കള്‍ പ്രകാശ് പണിക്കരാണ് പരിശീലകന്‍. ഇതുകൂടാതെ എസ്.എസ്.എ, ആറന്മുള ബി.ആര്‍.സി, ആറ്, എഴ് ക്ലാസുകളിലെ പെണ്‍കുട്ടികള്‍ക്ക് പ്രത്യേകം കളരിപരിശീലനവും നല്‍കുന്നുണ്ട്. സ്‌കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും പരിശീലനം നല്‍കുന്ന പരിപാടി ഈ അധ്യയനവര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കും. കളരിയുമായി ബന്ധപ്പെട്ട വിവിധ ആയോധനമുറകളുടെ അവതരണം കളരിയിലെ വിദ്യാര്‍ത്ഥികളായ അഭ്യാസികള്‍ സ്‌കൂള്‍ അങ്കണത്തില്‍ നടത്തി. പരിശീലനത്തിന് ഫീസ് ഈടാക്കുന്നില്ല. ഇതിലൂടെ വടക്കന്‍ മലബാറില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന കളരിപ്പയറ്റ് നാട്ടുകാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും പുത്തന്‍ അനുഭവമായി മാറിയിരിക്കുകയാണ്. കുളനട പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ പി. ആര്‍ മോഹന്‍ദാസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് വി. അനില്‍ അധ്യക്ഷത വഹിച്ചു. പ്രഥമ അധ്യാപകന്‍ സുദര്‍ശനന്‍ പിള്ള ബ്ലോക്ക് പഞ്ചായത്ത് അംഗം ജോണ്‍സണ്‍ ഉള്ളന്നൂര്‍ , പഞ്ചായത്തംഗം എല്‍സി ജോസഫ്, അധ്യാപകര്‍ രക്ഷിതാക്കള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.