സ്നേഹിത@സ്‌കൂള്‍ പദ്ധതി കടമ്പനാട് കെ.ആര്‍.കെ.പി.എം ബോയ്സ് ആന്‍ഡ് വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ിറ്റയം ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങളിലെ നൂതന ആശയമാണ് സ്നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌ക്. ഇതിനോടകം സ്നേഹിതയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 519 കേസുകളാണ്. ഇതില്‍ 169 എണ്ണം കുടുംബപ്രശ്നങ്ങളാണ്. മാതാപിതാക്കള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ കുട്ടികളുടെ പഠനത്തേയും മനോനിലയേയും ദോഷകരമായി ബാധിക്കുന്നതായി കണ്ടെത്തി. ഇത്തരത്തിലുള്ള കുട്ടികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും അവരെ ഭാവിയിലെ വാഗ്ദാനങ്ങളാക്കി മാറ്റുന്നതിനുമായാണ് കുടുംബശ്രീ മിഷന്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് സ്നേഹിത@ സ്‌കൂള്‍ എന്ന പദ്ധതിയ്ക്ക് തുടക്കമിട്ടിരിക്കുന്നത്. മാസത്തില്‍ ഒരു തവണ സ്നേഹിത കൗണ്‍സിലറുടെ സേവനം കുട്ടികള്‍ക്ക് ലഭ്യമാക്കുന്നതോടൊപ്പം വിവിധ പ്രചോദന ക്ലാസുകള്‍, മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും അവബോധ ക്ലാസുകള്‍, വ്യക്തിത്വ വികസന ക്ലാസുകള്‍ എന്നിവയും ഈ പദ്ധതി വഴി നടത്തും. കടമ്പനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ആര്‍ അജീഷ്‌കുമാര്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ പറക്കോട് ബ്ലോക്ക്പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. രാധാകൃഷ്ണന്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ മോനി കുഞ്ഞുമോന്‍, ഉഷ വിജയന്‍, രാധാമോള്‍, കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ കെ.എച്ച് സെലീന, കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്സണ്‍ അജി ബിജു, കുടുംബശ്രീ ജില്ലാ മിഷന്‍ പ്രോഗ്രാം മാനേജര്‍ പി.ആര്‍ അനുപ, സ്നേഹിത ജെന്‍ഡര്‍ ഹെല്‍പ് ഡെസ്‌ക് കൗണ്‍സിലര്‍ ഗായത്രി ദേവി, കടമ്പനാട് വിഎച്ച്എസ്ഇ പ്രിന്‍സിപ്പല്‍ ടി.രാജന്‍, സ്‌കൂള്‍ പിടിഎ പ്രസിഡന്റ് സി. ഗോപിനാഥന്‍,  ഹെഡ്മിസ്ട്രസ് ആര്‍ സുജാത, കമ്യൂണിറ്റി കൗണ്‍സിലര്‍ അഡ്വ മറിയാമ്മ തോമസ് എന്നിവര്‍ പങ്കെടുത്തു.