* ഒക്ടോബർ 14 വരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാം

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി ലീപ് കേരള ജില്ലാ വിഭാഗം തയ്യാറാക്കിയ വോട്ടർ ബോധവത്കരണ വീഡിയോ ജില്ലാ കലക്ടർ അരുൺ കെ വിജയൻ പ്രകാശനം ചെയ്തു. യോഗ്യരായവരെ വോട്ടർപട്ടികയിൽ ഉൾപ്പെടുത്തുന്നത് ഉറപ്പാക്കുക, വോട്ടിംഗ് പങ്കാളിത്തത്തിൽ യുവ വോട്ടർമാരുടെ ഇടയിലുള്ള നിസ്സംഗത പരിഹരിക്കുക, തിരഞ്ഞെടുപ്പ് സംവിധാനത്തിൽ പങ്കാളികളാകേണ്ടതിന്റെ പ്രാധാന്യം വോട്ടർമാരെ ഉദ്‌ബോധിപ്പിക്കുക തുടങ്ങിയവയാണ് ലീപ് ക്യാമ്പയിനിന്റെ ലക്ഷ്യം.

ലീപ് മുഖേന തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ഉണ്ടോയെന്ന് പരിശോധിക്കുകയും വോട്ടർ പട്ടികയിൽ പേര് ചേർക്കുകയും ചെയ്യാം. ഒക്ടോബർ 14 വരെയാണ് ഇതിനുള്ള അവസരം. ഇതിനായി കണ്ണൂർ കലക്ടറേറ്റിൽ ലീപ് ഹെൽപ്പ് ഡെസ്‌ക് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

കലക്ടറുടെ ചേംബറിൽ നടന്ന പരിപാടിയിൽ സബ് കലക്ടർ കാർത്തിക് പാണിഗ്രഹി, അസിസ്റ്റന്റ് കലക്ടർ എഹ്തെദ മുഫസിർ, സിറ്റി പോലീസ് കമ്മീഷണർ നിധിൻ രാജ്, റൂറൽ എസ് പി അനൂജ് പലിവാൽ, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ടി.ജെ അരുൺ, ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ കെ.കെ ബിനി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി.പി വിനീഷ് എന്നിവർ പങ്കെടുത്തു. ജില്ലാ ഇൻഫർമേഷൻ ഓഫീസാണ് വീഡിയോ തയ്യാറാക്കിയത്.