കണ്ണൂർ ജില്ലാതല ലോക കാഴ്ച ദിനാചരണം കൃഷ്ണ മേനോൻ സ്മാരക വനിതാ കോളേജിൽ ഡിഎംഒ ഡോ. പിയൂഷ്. എം. നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ഡിഎംഒ ഡോ. കെ ടി രേഖ അധ്യക്ഷയായി. കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ്ജ് ഡോ. സന്തോഷ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോ. ശ്രീകല, ആരോഗ്യവകുപ്പ് ടെക്‌നിക്കൽ അസിസ്റ്റന്റ് കെ ജി ഗോപിനാഥൻ, സ്റ്റാഫ് കൗൺസിൽ പ്രസിഡന്റ് ഡോ. വിനയൻ, പബ്ലിക് ഹെൽത്ത് സ്‌പെഷ്യൽ ചാർജ്ജ് സി പി സലീം, ഡെപ്യൂട്ടി എജുക്കേഷൻ ആൻഡ് മാസ് മീഡിയ ഓഫീസർ സുധീഷ്, ജില്ലാ ഒഫ്താൽമിക് കോഡിനേറ്റർ പ്രസാദ് എന്നിവർ സംസാരിച്ചു. തുടർന്ന് ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും കാഴ്ച വൈകല്യത്തെ കുറിച്ചും ക്ലാസും കോളേജ് വിദ്യാർഥികൾക്കും ജീവനക്കാർക്കുമായി കാഴ്ച പരിശോധനയും നടന്നു. നിങ്ങളുടെ കണ്ണുകളെ സ്‌നേഹിക്കുക എന്നതാണ് ഈ വർഷത്തെ കാഴ്ചദിന പ്രമേയം.

കണ്ണുകൾക്ക് ഒരു പുതിയ കാഴ്ചപ്പാട്

കുട്ടികളുടെ കാഴ്ചശക്തി, പോഷകാഹാരം, തിമിരം എന്നിവയാണ് ഈ ദിനാചരണത്തിൽ ഊന്നൽ നൽകുന്നത്. കുട്ടികൾ മൊബൈൽ ഫോണുകൾ, ടാബ്ലെറ്റുകൾ, കമ്പ്യൂട്ടറുകൾ എന്നിവയിൽ കൂടുതൽ സമയം ചെലവഴിക്കുന്നത് കാഴ്ചശക്തിക്ക് ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നുണ്ട്. സ്‌ക്രീനുകളിലേക്ക് തുടർച്ചയായി നോക്കുന്നത് കണ്ണുവേദന, തലവേദന, മങ്ങിയ കാഴ്ച എന്നിവയ്ക്ക് കാരണമാവാം. ദീർഘനേരം ഫോണുകൾ കണ്ണിനോട് അടുപ്പിച്ചു പിടിക്കുന്നത് കുട്ടികളിൽ ഹ്രസ്വദൃഷ്ടി അഥവാ മയോപ്പിയ വർധിപ്പിക്കാൻ കാരണമാകുന്നു. സ്‌ക്രീനുകളിൽ ശ്രദ്ധിക്കുമ്പോൾ കണ്ണ് ചിമ്മുന്നത് കുറയുന്നത് കണ്ണുകളെ വരണ്ടതാക്കുന്നു. ഇവ ഒഴിവാക്കുന്നതിന് കുട്ടികളുടെ സ്‌ക്രീൻ സമയം നിയന്ത്രിക്കേണ്ടതും ഓരോ 20 മിനിറ്റിലും, 20 അടി ദൂരെയുള്ള വസ്തുവിനെ 20 സെക്കൻഡ് നോക്കാൻ ശീലിപ്പിക്കേണ്ടതും അനിവാര്യമാണ്.

പോഷകാഹാരവും കാഴ്ചശക്തിയും

കണ്ണിന്റെ ആരോഗ്യത്തിന് ഏറ്റവും അത്യാവശ്യമായ പോഷകമായ വിറ്റാമിൻ എ അടങ്ങിയ കാരറ്റ്, ചീര, മത്തങ്ങ, മുട്ട എന്നിവ ആഹാരത്തിൽ ഉൾപ്പെടുത്തണം. വിറ്റാമിൻ എ യുടെ കുറവ് നിശാന്ധതയ്ക്ക് കാരണമാവാം.
വിറ്റാമിൻ സി, ഇ, സിങ്ക്, ഒമേഗ-3 ഫാറ്റി ആസിഡുകൾ എന്നിവ ലഭിക്കുന്ന സമീകൃതാഹാരം കുട്ടികളുടെ ഭക്ഷണത്തിന്റെ ഭാഗമാക്കണം. സമീകൃതാഹാരം കുട്ടികളുടെ കാഴ്ചശക്തിയെ മെച്ചപ്പെടുത്താനും ഭാവിയിൽ ഉണ്ടാകാവുന്ന നേത്രരോഗങ്ങളെ തടയാനും സഹായിക്കും.

തിമിരം, ഗ്ലോക്കോമ

തിമിരം: പ്രായം കൂടുമ്പോൾ കണ്ണിലെ ലെൻസിന് കാഴ്ചക്കുറവുണ്ടാക്കുന്ന അതാര്യതയാണ് തിമിരം. മങ്ങിയ കാഴ്ച, രാത്രി കാഴ്ചക്കുറവ് എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. തിമിരം നീക്കം ചെയ്ത് കൃത്രിമ ലെൻസ് സ്ഥാപിക്കുന്ന ശസ്ത്രക്രിയ മാത്രമാണ് ശാശ്വത പരിഹാരം.

ഗ്ലോക്കോമ: കണ്ണിലെ മർദം കൂടുന്നത് മൂലം കണ്ണിന്റെ കാഴ്ചനാഡിക്ക് കേടുപാടുകൾ സംഭവിക്കുന്ന അവസ്ഥയാണിത്. നേരത്തെയുള്ള രോഗനിർണയവും ചികിത്സയും ഗ്ലോക്കോമ നിയന്ത്രിക്കുന്നതിന് അത്യന്താപേക്ഷിതമാണ്.

ജില്ലാ ആശുപത്രി മൊബൈൽ നേത്ര യൂണിറ്റ് ജില്ലയിലെ വിവിധ സ്‌കൂളുകളിൽ നേരിട്ടെത്തി കുട്ടികളുടെ കാഴ്ചശക്തി പരിശോധിക്കുന്നു. ഗ്രാമീണ മേഖലകളിൽ യൂണിറ്റ് തിമിര നിർണ്ണയ പരിശോധനകൾ നടത്തുന്നു. തിമിരം കണ്ടെത്തുന്ന രോഗികൾക്ക് ജില്ലാ ആശുപത്രിയിൽ സൗജന്യമായോ കുറഞ്ഞ ചിലവിലോ ശസ്ത്രക്രിയ നടത്താനുള്ള സൗകര്യവും ഒരുക്കുന്നു. പ്രാഥമിക തലത്തിലുള്ള ഗ്ലോക്കോമ സ്‌ക്രീനിംഗും ഈ യൂണിറ്റ് വഴി നൽകി വരുന്നു.