ഗാന്ധിജിയെ കുറിച്ച് അറിയേണ്ടതെല്ലാം ചോദിച്ച് ക്വിസ്മാസ്റ്ററുടെ റോളില്‍ കൊല്ലം ജില്ലാ കളക്ടര്‍ എന്‍. ദേവിദാസ്. അറിയുന്നതെല്ലാംപങ്കിട്ട് കടുത്ത മത്സരം കാഴ്ചവച്ച് സിവില്‍ സ്റ്റേഷനിലെ ജീവനക്കാരും കൊല്ലം ബാറിലെ അഭിഭാഷകരും. ജില്ലാ ഭരണകൂടം, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, കൊല്ലം ബാര്‍ അസോസിയേഷന്‍, കേരള യൂത്ത് പ്രൊമോഷന്‍ കൗണ്‍സില്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച  ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായാണ് ബാര്‍ അസോസിയേഷന്‍ ഹാളില്‍ മത്സരംഅരങ്ങേറിയത്.

സമാപന സമ്മേളനം ജില്ലാ കളക്ടര്‍ ഉദ്ഘാടനം ചെയ്തു. ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് പി.ബി. ശിവന്‍ അധ്യക്ഷനായി. സെക്രട്ടറി കെ. ബി. മഹേന്ദ്ര മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എല്‍. ഹേമന്ത് കുമാര്‍, കേരള യൂത്ത് പ്രൊമോഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ സമുന്‍ജിത്ത് മിഷ എന്നിവര്‍ സംസാരിച്ചു. ക്വിസ് മത്സരവിജയികളായ റവന്യു വകുപ്പ് ജീവനക്കാരായ അഖില വിജയന്‍, ഹരിപ്രിയ, ട്രഷറിയിലെ രതീഷ് ചന്ദ്രന്‍ എന്നിവര്‍ക്ക് ജില്ലാ കളക്ടര്‍ സാഹിത്യകൃതികള്‍ സമ്മാനിച്ചു.

ഗാന്ധിജിയുടെ ജീവിതം അനാവരണം ചെയ്യുന്ന ഏകദിന ചരിത്രചിത്ര പ്രദര്‍ശനം കലക്‌ട്രേറ്റ് വരാന്തയില്‍ ജില്ലാ കളക്ടറാണ് ഉദ്ഘാടനം ചെയ്തത്.