സമസ്തമേഖലകളിലും കൈവരിച്ചനേട്ടങ്ങളുടെ വികസനചിത്രം അവതരിപ്പിച്ച് പവിത്രേശ്വരം വികസന സദസ്സ്. പൊരീക്കല്‍ ഗുഡ്ഷെപ്പേര്‍ഡ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ.ഗോപന് ഉദ്ഘാടനം ചെയ്തു. വികസനപുരോഗതി അടയാളപ്പെടുത്തുന്ന വികസനരേഖയും പ്രകാശനം ചെയ്തു.
ഉത്പാദന, സേവന, പശ്ചാത്തലമേഖലകളില്‍ ഒട്ടേറെ പ്രവര്‍ത്തനങ്ങളാണ് പഞ്ചായത്തില്‍ നടത്തിയത്. ആരോഗ്യ കേന്ദ്രങ്ങളില്‍ സ്ത്രീകള്‍ക്കായി പ്രത്യേകക്ലിനിക്കുകളും ജീവിതശൈലിരോഗനിര്ണയക്ലിനിക്കുകളും ആരംഭിച്ചു. മലനട ഹോമിയോ ഡിസ്പെന്‍സറി ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് കേന്ദ്രമായി ഉയര്‍ത്തുന്നതിന് നടപടികള്‍ സ്വീകരിച്ചു.
പഞ്ചായത്തിലെ 23 വൃക്ക രോഗികള്‍ക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ ദുരിതാശ്വാസനിധിയില്‍ നിന്നും ധനസഹായം വിതരണം ചെയ്തു. പഞ്ചായത്ത് പരിധിയിലെ വിവിധ അംഗനവാടികള്‍ക്ക് ശിശുസൗഹൃദ പെയിന്റിങ്, ചുറ്റുമതില്‍, ശൗചാലയം, കുടിവെള്ളസൗകര്യം, വൈദ്യുതി എന്നിവ ലഭ്യമാക്കി.
100 ഏക്കര്‍ തരിശുനിലം നെല്‍കൃഷി യോഗ്യമാക്കി. ഗ്രാമപഞ്ചായത്ത് പരിധിയിലെ എല്ലാ സ്കൂളുകളിലും പ്രഭാതഭക്ഷണം നല്കിവരുന്നു. അംഗപരിമിതര്‍ക്ക് പെട്ടിക്കടകള്‍ നല്കി. ലൈഫ് പദ്ധതി വഴി 470 വീടുകള്‍ നിര്‍മിച്ചു. ഭൂരഹിത ഭവനപദ്ധതിയില്‍ ഉള്‍പ്പെടുത്തി 20 കുടുംബങ്ങള്‍ക്ക് ഭൂമി വാങ്ങി വീട് നിര്‍മിച്ചു നല്കി. തുടര്‍ന്നും ആരോഗ്യ, കാര്‍ഷിക, വിദ്യാഭ്യാസമേഖലകള്‍ക്ക് ഊന്നല്‍ നല്കി പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കുമെന്ന് വികസന സദസ്സില്‍ വ്യക്തമാക്കി.
പവിത്രേശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.രാധാകൃഷ്ണന് അധ്യക്ഷനായി. സെക്രട്ടറി ആര്.അനില്‍കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ബി.ശ്രീകുമാര്‍ മോഡറേറ്ററായ ഓപ്പണ്‍ ഫോറത്തില്‍ ഭാവി വികസനകാഴ്ചപ്പാടുകളും നിര്‍ദ്ദേശങ്ങളും അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.സുമലാല്‍ ഹരിതകര്‍മ്മ സേനാംഗങ്ങളെയും പോലീസ് മെഡല്‍ ലഭിച്ച പവിത്രേശ്വരം നിവാസി എന്‍.കൃഷ്ണദാസിനെയും ആദരിച്ചു. വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.രഞ്ജിത്ത്, പവിത്രേശ്വരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ബി.ശശികല, വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് എ.അജി, പവിത്രേശ്വരം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ജി.എന്‍.മനോജ്, പവിത്രേശ്വരം ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എസ്.അജിത, വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. ബെച്ചി.ബി.മലയില്‍, പവിത്രേശ്വരം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആര് ഗീത, നിവാസ്, രമദേവി, അമീഷ് ബാബു, അസിസ്റ്റന്റ് സെക്രട്ടറി ആര്.അരുണ്‍നാഥ് തുടങ്ങിയവര്‍ പങ്കെടുത്തു.
