പ്രളയാനന്തര കാർഷിക, മൃഗപരിപാലന മേഖലയുടെ സംരക്ഷണം ചർച്ചചെയ്യാൻ അവലോകനയോഗം ചേർന്നു. ജില്ലാ കളക്ടർ എ.ആർ. അജയകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൃഷി, മൃഗപരിപാലന വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു. അടുത്ത ഒരു വർഷത്തിനുള്ളിൽ ജില്ലയിലെ കാർഷിക മേഖലയിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും ഉത്പാദനക്ഷമത വർധിപ്പിക്കുന്നതിനായി സ്വീകരിക്കേണ്ട നടപടികളും യോഗം വിലയിരുത്തി. കാർഷിക മേഖലയുടെ വികസനത്തിനായി ഗുണഭോക്താക്കൾക്കാവശ്യമായ പദ്ധതികൾ കണ്ടെത്തി അർഹതയുള്ളവരിലേക്ക് എത്തിക്കണമെന്നു കളക്ടർ നിർദേശിച്ചു. ജില്ലയുടെ കാർഷിക മേഖലയ്ക്ക് അനുയോജ്യമായി കൃഷി രീതികൾ അവലംബിക്കണം.
കർഷക സംഘടനകളുമായി സഹകരിച്ച് സർവ്വേ നടത്തണം. കാർഷിക വിളകൾ, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയവയെക്കുറിച്ചുള്ള ശരിയായ അറിവ് കർഷകരിൽ എത്തിക്കണം. ഫാർമേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് കോ- ഓർപ്പറേറ്റീവ് സൊസൈറ്റിയുമായി സഹകരിച്ച് കർഷകർക്ക് കൂടുതൽ സഹായകമായ പ്രവർത്തനങ്ങൾ നടപ്പിലാക്കാം. ഗുണപരമായ ഇടപെടലുകളാണ് ഈ മേഖലകളിൽ ആവശ്യമായിട്ടുള്ളത്. മുട്ട ഉത്പാദത്തിലും പാല് ഉത്പാദനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കണം. അതിനായി വീടുകളിൽ നിന്നുതന്നെ താത്പര്യമുള്ളവരെ കണ്ടെത്താൻ മൃഗസംരക്ഷണ വകുപ്പ് നേതൃത്വം നൽകണം. സ്ത്രീകളേയും ആദിവാസി വിഭാഗങ്ങളേയും മുന്നോട്ടുകൊണ്ടുവരാനും വിവിധ തൊഴിലവസരങ്ങൾ കണ്ടെത്താനും ഇതുവഴി സാധിക്കുമെന്ന് യോഗം വിലയിരുത്തി.