തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അമ്പലപ്പുഴ, ചെങ്ങന്നൂർ, ഭരണിക്കാവ് എന്നീ ബ്ലോക്കുകളിൽ ഉൾപ്പെട്ട 19 പഞ്ചായത്തുകളുടെ സംവരണ നറുക്കെടുപ്പ് ജില്ലാ ഇലക്ഷൻ ഓഫീസർ കൂടിയായ ജില്ലാ കളക്ടർ അലക്സ് വർഗീസിൻ്റെ മേൽനോട്ടത്തിൽ കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്നു.

ബന്ധപ്പെട്ട പഞ്ചായത്തുകളിലെ സെക്രട്ടറിമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ എസ് ബിജു, തദ്ദേശ സ്വയംഭരണ വകുപ്പ് അസി. ഡയറക്ടർ സന്തോഷ് മാത്യൂ, തദ്ദേശ സ്വയംഭരണ വകുപ്പ് ഇൻ്റേണൽ വിജിലൻസ് ഓഫീസർ പി പി ഉദയസിംഹൻ എന്നിവർ നേതൃത്വം നൽകി.

15ന് ചമ്പക്കുളം, വെളിയനാട് ഹരിപ്പാട് എന്നീ ബ്ലോക്കുകളിൽ ഉൾപ്പെട്ട 19 പഞ്ചായത്തുകളുടെ സംവരണ നറുക്കെടുപ്പ് നടക്കുന്നതാണ്.