*വിദ്യാഭ്യാസരംഗത്തെ സഹകരണം ശക്തമാക്കാൻ ധാരണാപത്രം ഒപ്പിട്ടു
*ബ്രിട്ടനുമായി സാങ്കേതിക, നൈപുണ്യവികസന മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തും
സാങ്കേതിക, നൈപുണ്യവികസന മേഖലകളിൽ കേരളവും ബ്രിട്ടനും സഹകരിക്കും. മുഖ്യമന്ത്രി പിണറായി വിജയനുമായി ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീണർ ഡൊമിനിക്ക് അസ്‌ക്വിത്ത് നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതു സംബന്ധിച്ച ധാരണ. കേരള സമൂഹം ഒറ്റക്കെട്ടായി നിന്ന് പ്രളയത്തെ അതിജീവിച്ചതിൽ ഹൈക്കമ്മീഷണർ മുഖ്യമന്ത്രിയെ അഭിനന്ദനമറിയിച്ചു.  പ്രളയത്തിൽ കുടുങ്ങിപ്പോയ ബ്രിട്ടീഷ് വിനോദസഞ്ചാരികളെ രക്ഷിച്ചതിനുളള നന്ദി അദ്ദേഹം അറിയിച്ചു. മാലിന്യ സംസ്‌കരണം, നൈപുണ്യവികസനം, സാങ്കേതിക വിദ്യ, നഗരപരിഷ്‌കരണം എന്നീ മേഖലകളിൽ കേരളത്തിൽ കൂടുതൽ സഹകരണത്തിനുളള താല്പര്യം അദ്ദേഹം പ്രകടിപ്പിച്ചു.
ഇലക്ട്രിക് മൊബൈൽ വെഹിക്കിൾ മേഖലയിൽ സഹകരിക്കാനുളള താല്പര്യവും ഹൈക്കമ്മീഷണർ അറിയിച്ചു. ബ്രിട്ടീഷ് കൗൺസിലും കേരളത്തിലെ വിവിധ സർക്കാർ വകുപ്പുകളുമായി സഹകരിക്കുന്നതിനുളള ധാരണാപത്രം ഒപ്പുവെച്ചു.  ഇതോടെ വകുപ്പുകൾക്ക് നേരിട്ട് ബ്രിട്ടീഷ് കൗൺസിലിനെ ബന്ധപ്പെടാനും അവരുടെ സഹായം ലഭ്യമാക്കാനും സാധിക്കും.
കേരളത്തിലെത്തുന്ന വിദേശ വിനോദസഞ്ചാരികളിൽ 18 ശതമാനം ബ്രിട്ടനിൽ നിന്നാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നല്ലൊരുവിഭാഗം മലയാളികളും മലയാളി വിദ്യാർത്ഥികളും ബ്രിട്ടനിലുണ്ട്. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിൽ ബ്രിട്ടീഷ് കമ്പനികൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും കൂടുതൽ നിക്ഷേപ സാധ്യത ഇവിടെയുണ്ട്. വിദ്യാഭ്യാസം, ആരോഗ്യം, ടൂറിസം, ഐടി, ബയോടെക്നോളജി, നൈപുണ്യവികസനം എന്നീ മേഖലകളിൽ സഹകരണത്തിനുളള സാധ്യത ഏറെയാണ്. വ്യവസായം ആരംഭിക്കുന്നതിനുള്ള അനുമതി വേഗത്തിൽ ലഭ്യമാക്കുന്നതിന് പുതിയ നിയമങ്ങൾ വന്നതോടെ സംസ്ഥാനം കൂടുതൽ നിക്ഷേപസൗഹൃദമായി മാറി. സദ്ഭരണത്തിലും ക്രമസമാധാനപാലനത്തിലും ജീവിത നിലവാരത്തിലും കേരളം ഏറെ മുന്നിലാണെന്ന് മുഖ്യമന്ത്രി ഹൈക്കമ്മീഷണറോട് പറഞ്ഞു.
വിദ്യാഭ്യാസരംഗത്തെ സഹകരണം ശക്തമാക്കുന്നതു സംബന്ധിച്ചുള്ള ധാരണാപത്രത്തിലും സർക്കാരും ബ്രിട്ടീഷ് കൗൺസിലും ഒപ്പുവച്ചു. സംസ്ഥാനത്തെ ജനങ്ങൾ വിദ്യാഭ്യാസകാര്യങ്ങളിൽ ഏറെ പ്രാധാന്യം നൽകുന്നവരാണെന്നും യുവജനങ്ങളുടെ വിദ്യാഭ്യാസ ലക്ഷ്യങ്ങൾക്ക് കരുത്തു പകരാൻ ബ്രിട്ടീഷ് കൗൺസിലിന്റെ സഹകരണം സ്വീകരിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗുണമേ•യുള്ള വിദ്യാഭ്യാസത്തിനും മികവുകൾ പരിപോഷിപ്പിക്കുന്നതിനും തൊഴിലവസരങ്ങൾ ഉയർത്തുന്നതിനും ബ്രിട്ടനുമായുള്ള സഹകരണം ഉറപ്പു നൽകുമെന്ന് ബ്രിട്ടീഷ് ഹൈകമ്മീഷണർ വിശ്വാസം പ്രകടിപ്പിച്ചു. ബ്രിട്ടീഷ് കൗൺസിലിന്റെ  70-ാം വാർഷികത്തോടനുബന്ധിച്ച് ഇന്ത്യക്കാരായ 104 സ്ത്രീകൾക്ക് ബ്രിട്ടനിലെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സയൻസ്, ടെക്നോളജി, എഞ്ചിനിയറിംഗ്, മാത്തമാറ്റിക്സ് വിഷയങ്ങളിൽ വിദ്യാഭ്യാസം നടത്തുന്നതിന് സ്‌കോളർഷിപ്പും അനുവദിച്ചിരുന്നു. ഇതിൽ ഒമ്പതുപേർ കേരളീയരായിരുന്നു. ബ്രിട്ടീഷ് കൗൺസിൽ മാസ്റ്റേഴ്സ് സ്‌കോളർഷിപ്പുകൾ ലഭിച്ച ഇവരെ ഈ വർഷമാദ്യം മുഖ്യമന്ത്രി അനുമോദിച്ചിരുന്നുവെന്നും ഹൈക്കമ്മീഷണർ പറഞ്ഞു.
സന്ദർശക സംഘത്തിൽ ഹൈക്കമ്മീഷണർക്കൊപ്പം ബ്രിട്ടീഷ് കൗൺസിൽ ഇന്ത്യ ഡയറക്ടർ അലൻ ജെമ്മൽ,  കൗൺസിൽ സൗത്ത് ഇന്ത്യ ഡയറക്ടർ ജനക പുഷ്പനാഥൻ  എന്നിവരും ഉണ്ടായിരുന്നു.
1908 മുതൽ 1916 വരെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന  ഹെർബർട്ട് ഹെൻറി അസ്‌ക്വിത്തിൻറെ പേരക്കുട്ടിയുടെ മകനാണ്  ഡൊമിനിക് അസ്‌ക്വിത്ത്.