സംസ്ഥാന സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ത്രിഭാഷാ കോഴ്‌സുകളായ പച്ചമലയാളം, ഗുഡ് ഇംഗ്ലീഷ്, അച്ഛി ഹിന്ദി എന്നിവ ജില്ലയില്‍ ജനകീയമായി നടപ്പാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി പറഞ്ഞു. ത്രിഭാഷാ കോഴ്‌സുകളുടെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ടയില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു പ്രസിഡന്റ്. ലോകഭാഷയായ ഇംഗ്ലീഷിലും രാഷ്ട്രഭാഷയായ ഹിന്ദിയിലും സാധാരണ ജനങ്ങള്‍ക്ക് പ്രാവീണ്യം നേടാന്‍ പ്രതേ്യക പദ്ധതികള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നടപ്പാക്കണമെന്ന് പ്രസിഡന്റ് നിര്‍ദേശിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍ ഡയറക്ടര്‍ ഡോ.എല്‍.ബി.സുരേഷ് കുമാര്‍ വിഷയാവതരണം നടത്തി. കോമണ്‍വെല്‍ത്ത് ഓഫ് ലേണിംഗ് വൈസ്‌ചെയര്‍മാന്‍ ഡോ.കെ.ബാലസുബ്രഹ്മണ്യന്‍ മുഖ്യപ്രഭാഷണം നടത്തി. സാക്ഷരതാ മിഷന്‍ ജില്ലാ  കോ-ഓര്‍ഡിനേറ്റര്‍ ഡോ.വി.വി.മാത്യു, അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ ഡോ.പി.മുരുകദാസ്, സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ.ബി.സ്വരാജ്, അഫ്‌സല്‍ ആനപ്പാറ എന്നിവര്‍ പ്രസംഗിച്ചു.