എല്ലാ ജനങ്ങളുടെയും ജീവിതത്തിന് ഉപകാരപ്രദമായ പദ്ധതികള്‍ ഇച്ഛാശക്തിയോടെ സര്‍ക്കാര്‍ നടപ്പാക്കിയതാണ് യഥാര്‍ത്ഥ വികസനമെന്ന് കെ.കെ ശൈലജ ടീച്ചര്‍ എം.എല്‍.എ പറഞ്ഞു. മാലൂര്‍ ഗ്രാമപഞ്ചായത്ത് വികസന സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു എംഎല്‍എ. വിദ്യാഭ്യാസം, പൊതുജനാരോഗ്യം എന്നീ മേഖലകളില്‍ നടത്തിയ അടിസ്ഥാന സൗകര്യ വികസനവും ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനായി നടത്തിയ ഇടപെടലുകളുമാണ് സംസ്ഥാനത്തെ ഇന്ന് കാണുന്ന പുരോഗതിയിലേക്ക് നയിച്ചതെന്നും എംഎല്‍എ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് വി. ഹൈമാവതി അധ്യക്ഷയായി.

സദസ്സില്‍ സംസ്ഥാന സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോ പ്രദര്‍ശിപ്പിച്ചു. കില റിസോഴ്‌സ് പേഴ്‌സണ്‍ പി.എം രമണന്‍ ആമുഖം അവതരിപ്പിച്ചു. മാലൂര്‍ പഞ്ചായത്ത് നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് സെക്രട്ടറി കെ.ആര്‍ സുജിത്ത് അവതരിപ്പിക്കുകയും വികസനരേഖ വിതരണം ചെയ്യുകയും ചെയ്തു. തുടര്‍ന്ന് കലാ സാംസ്‌കാരിക രംഗത്തെ പ്രതിഭകള്‍, ഹരിതകര്‍മ്മസേന അംഗങ്ങള്‍ എന്നിവരെ ആദരിച്ചു. സദസ്സിന്റെ ഭാഗമായി സംഘടിപ്പിച്ച തൊഴില്‍മേളയില്‍ നിരവധി ഉദ്യോഗാര്‍ഥികള്‍ രജിസ്റ്റര്‍ ചെയ്തു. വനിതകള്‍ അവതരിപ്പിച്ച സംഗീത നാടക ശില്‍പം കനല്‍ ചിന്തുകള്‍ ശ്രദ്ധേയമായി.

പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ക സുധാകരന്‍, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അംഗം വി. ഗീത, മാലൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചമ്പാടന്‍ ജനാര്‍ദ്ദനന്‍, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരസമിതി ചെയര്‍പേഴ്‌സണ്‍ പ്രേമി പ്രേമന്‍, വികസനകാര്യ സ്ഥിരസമിതി അധ്യക്ഷ സി രജനി, ക്ഷേമകാര്യ സ്ഥിരസമിതി അധ്യക്ഷന്‍ രമേശന്‍, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷ രേഷ്മ സജീവന്‍, പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം ശിഹാബ് പട്ടാഴി, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ കെ ഗോപി, പുഷ്പരാജന്‍ മാസ്റ്റര്‍, മുണ്ടാണി പുരുഷോത്തമന്‍, കെ ഗോപി കാഞ്ഞിലേരി, കെ ജയാനന്ദന്‍, ഡി.എസ് ദീപു, കെ രാജേഷ് എന്നിവര്‍ സംസാരിച്ചു.