തിരുവനന്തപുരം ജില്ലയില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായി ഊര്‍ജിതമായ തെരച്ചിലാണ് ഇന്നും നടന്നത്. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും മെഴ്‌സിക്കുട്ടിയമ്മയും മുഴുവന്‍ സമയവും എയര്‍ഫോഴ്‌സിന്റെ ടെക്‌നിക്കല്‍ ഏര്യായിലെ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ടും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളുമായി ഉണ്ടായിരുന്നു. ഇന്ന് ദൗത്യസംഘം രക്ഷപ്പെടുത്തിയവരില്‍ എട്ട് മലയാളികളും ഉള്‍പ്പെടുന്നു. കരയിലെത്തിച്ച അഞ്ച് മൃതദേഹങ്ങളില്‍ തൂത്തുക്കുടി സ്വദേശി ജൂഡിന്റെ മൃതദേഹം ഒഴികെ മറ്റാരേയും തിരിച്ചറിഞ്ഞിട്ടില്ല.
രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് കളക്ടര്‍ ഡോ. കെ. വാസുകിയുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ ബാലമുരളി, നൂഹ് എന്നീ രണ്ട് ഐ.എ.എസ് ഉദ്യോഗസ്ഥരെ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ജില്ലയിലൊട്ടാകെ 14 ദുരിതാശ്വാസക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ ആറെണ്ണം തിരുവനന്തപുരം താലൂക്കിലും, രണ്ടെണ്ണം നെയ്യാറ്റിന്‍കര താലൂക്കിലും, ചിറയിന്‍കീഴില്‍ മൂന്നും, കാട്ടാക്കട താലൂക്കില്‍ രണ്ടും, വര്‍ക്കലയില്‍ ഒന്നുമാണ്. 1596 പേരെയാണ് ഈ ക്യാമ്പുകളില്‍ പാര്‍പ്പിച്ചിരിക്കുന്നത്.
പ്രതികൂല കാലാവസ്ഥയിലും സാഹസിക രക്ഷാപ്രവര്‍ത്തനത്തിലൂടെ കൊല്ലം ജില്ലയില്‍ 85 പേരെ രക്ഷിക്കാനായി. ഫിഷറീസ് വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം മറൈന്‍ എന്‍ഫോഴ്സ്മെന്റിന്റെ ഒരു ബോട്ടും, ബോട്ട് ഓണേഴ്സിന്റെ സഹായത്തോടെ ലഭ്യമായ രണ്ടു ബോട്ടുകളും ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഇവയ്ക്കൊപ്പം മീന്‍പിടുത്ത വള്ളങ്ങളും കടലിലിറങ്ങി. മത്സ്യത്തൊഴിലാളികളുടെ കടലറിവുകള്‍ കൂടി പ്രയോജനപ്പെടുത്തിയാണ് കാണാതായവര്‍ക്കായി തെരച്ചില്‍ നടത്തിയത്.
നീണ്ടകര നിന്ന് പോയ ബോട്ടുകളില്‍ ഭൂരിഭാഗവും സുരക്ഷിതമായി തിരികെയെത്തി. എന്നാല്‍ ജിതിന്‍, ബിനോയ് മോന്‍ എന്നീ രണ്ടു ബോട്ടുകള്‍ അപകടത്തില്‍പ്പെട്ടു. ജിതിനിലുണ്ടായിരുന്ന മൂന്ന് പേരെ രക്ഷപെടുത്തി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു, കുടെയുണ്ടായിരുന്നവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ബിനോയ്മോനിലെ 11 പേരെയും രക്ഷപെടുത്തി കൊല്ലത്ത് എത്തിക്കാനായി.
സെയിന്റ് നിക്കോളാസ്, അശ്വിന്‍ എന്നീ ബോട്ടുകളിലെ 15 പേരെയും രക്ഷപെടുത്തി കരയ്ക്കെത്തിച്ചു. കൊല്ലം കടപ്പുറത്ത് നിന്ന് പോയ എല്ലാ മത്സ്യത്തൊഴിലാളികളും സുരക്ഷിതരായി തിരികെയെത്തിയിട്ടുണ്ട്. കാണാതായ വേളാങ്കണ്ണിമാതാ എന്ന ബോട്ട് എറണാകുളം മേഖലയില്‍ കണ്ടെത്തി അതിലുണ്ടായിരുന്ന നാലു പേരെ കൊല്ലത്ത് എത്തിച്ചിട്ടുമുണ്ട്. മറൈന്‍ എന്‍ഫോഴ്സ്മെന്റിന്റെ ബോട്ടും മറ്റു രണ്ടു ബോട്ടുകളും ചേര്‍ന്ന് മത്സ്യത്തൊഴിലാളികളുടെ കൂടി സഹായത്തോടെ കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുകയാണെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സി.ടി. സുരേഷ്‌കുമാര്‍ അറിയിച്ചു.
ആലപ്പുഴയില്‍ ഇന്നലെ ആരെയും കടലില്‍നിന്ന് രക്ഷപ്പെടുത്തിയതായി റിപ്പോര്‍ട്ടില്ല. ജില്ലയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയി കടലില്‍ കാണാതായ അഞ്ചു പേരെ കണ്ടെത്താന്‍ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും തെരച്ചില്‍ നടത്തുന്നതായി ജില്ലാ കളക്ടര്‍ ടി.വി. അനുപമ അറിയിച്ചു. നവംബര്‍ 29 ന് ജോയല്‍ എന്ന ബോട്ടില്‍ മത്സ്യബന്ധനത്തിനു പോയ സിബിച്ചന്‍, ജോയി കാട്ടൂര്‍, യേശുദാസ് ചെട്ടികാട്, ഷാജി (ഇഗ്‌നേഷ്യസ്) തുമ്പോളി, ജോസഫ് ചെട്ടിക്കാട് എന്നിവര്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കി. കോസ്റ്റുഗാര്‍ഡിനും നാവികസേനയ്ക്കുമൊപ്പം മറൈന്‍ എന്‍ഫോഴ്സ്മെന്റിന്റെ ഒരു ബോട്ടും തെരച്ചില്‍ നടത്തുന്നു.
എറണാകുളത്ത് ഏഴു ക്യാമ്പുകള്‍ സജ്ജീകരിച്ചിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ള അറിയിച്ചു. 1258 കുടുംബങ്ങളിലായി 4674 പേരാണ് ക്യാമ്പുകളില്‍ ഉള്ളത്. എടവനക്കാട് ഗവണ്‍മെന്റ് യുപി സ്‌കൂള്‍, ചെല്ലാനം സെന്റ് മേരീസ് എച്ച്എസ്എസ്, ചെല്ലാനം പുത്തന്‍തോട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ചെല്ലാനം സെന്റ് ഫ്രാന്‍സിസ് ചര്‍ച്ച് പാരിഷ് ഹാള്‍, ചെല്ലാനം സെന്റ് ജോര്‍ജ്ജ് ചര്‍ച്ച് പാരിഷ് ഹാള്‍, നായരമ്പലം ദേവിവിലാസം സ്‌കൂള്‍, ഞാറയ്ക്കല്‍ ഗവണ്‍മെന്റ് ഫിഷറീസ് സ്‌കൂള്‍ എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍ ആരംഭിച്ചിട്ടുള്ളത്.