ചെങ്ങന്നൂർ : ശബരിമലയുടെ പ്രവേശന കവാടവും, പ്രധാന ഇടത്താവളവുമായ ചെങ്ങന്നൂരിലെത്തുന്ന അയ്യപ്പ ഭക്തൻമാർക്ക് കരുണയുടെ കൈത്താങ്ങ്. കരുണ പെയിൻ ആന്റ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ അയ്യപ്പന്മാർക്കായി മെഡിക്കൽ കെയർ സെന്റർ പ്രവർത്തനം ഇന്നുമുതൽ ആരംഭിക്കും.ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷന് വടക്കു വശം സജ്ജീകരിച്ചിരിക്കുന്ന സെന്ററിന്റെ ഉദ്ഘാടനം രാവിലെ 9ന് ശാന്തിഗിരി ആശ്രമം ഓർഡനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്സി നിർവഹിക്കും. അയ്യപ്പൻമാർക്ക് വൈദ്യസഹായത്തിന് പുറമേ മരുന്ന്, കുടിവെള്ളം , ലഘു ഭക്ഷണം, ചായ, ചുക്കുകാപ്പി, അത്യാധുനിക സംവിധാനങ്ങളോടു കൂടിയ ആംബുലൻസ് തുടങ്ങി വിപുലമായ സൗകര്യങ്ങളാണ് കരുണയിൽ ഒരുക്കിയിരിക്കുന്നത്. തമിഴ്നാട്, ആന്ധ്ര, കർണ്ണാടകം അടക്കമുള്ള അന്യസംസ്ഥാനങ്ങളിൽ നിന്നും നിരവധി അയ്യപ്പ ഭക്തൻമാരാണ് ചെങ്ങന്നൂരിലെത്തുന്നത്. കൂടാതെ പഞ്ചപാണ്ഡവ ക്ഷേത്രങ്ങളായ തൃച്ചിറ്റാറ്റ്, തൃപ്പുലിയൂർ, തിരുവാറന്മുള, തിരുവൻവണ്ടൂർ ,തൃക്കൊടിത്താനം എന്നിവിടങ്ങളിലും, ദക്ഷിണ കൈലാസം എന്നറിയപ്പെടുന്ന ചെങ്ങന്നൂർ മഹാദേവക്ഷേത്രത്തിലും, പന്തളം വലിയ കോയിക്കൽ ധർമ്മശാസ്താ ക്ഷേത്രത്തിലും ദർശനത്തിനായി എത്തുന്ന ഭക്തജനങ്ങൾക്കും സേവനം ഉപയോഗിക്കാം. ചെങ്ങന്നൂർ എം.എൽ.എ സജി ചെറിയാൻ അധ്യക്ഷനും എൻ.ആർ സോമൻപിള്ള ജനറൽ സെക്രട്ടറിയും എം.എച്ച് റഷീദ് ട്രഷററുമായി പ്രവർത്തിക്കുന്ന ഉപദേശക സമതിയാണ ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
