റ്റിജുവിന്റേയും കുടുംബത്തിന്റേയും വീടെന്ന സ്വപ്നം പൂവണിഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിയായ ലൈഫ് മിഷന്‍ വഴിയാണ് ചെന്നീര്‍ക്കര പന്ത്രണ്ടാം വാര്‍ഡിലെ റ്റിജുവിന്റെ സ്വന്തമായൊരു വീടെന്ന സ്വപ്നം സഫലമായത്. ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്തിലെ രണ്ടാംഘട്ടം ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിച്ച ആദ്യ വീടാണ് ഇത്. വീടില്ലാതെ വര്‍ഷങ്ങളായി ഷെഡ്ഡ് കെട്ടി അതിലായിരുന്നു റ്റിജുവിന്റേയും കുടുംബത്തിന്റേയും താമസം. കൂലിവേലക്കാരനായ റ്റിജുവിന് നിത്യവൃത്തി എന്നതിനപ്പുറം വീട് വയ്ക്കാനുള്ള പണം കൈവശമില്ലായിരുന്നു. ഈ വിഷമസ്ഥിതി അഭിമുഖീകരിക്കവേയാണ് സംസ്ഥാന സര്‍ക്കാരിന്റെ പാര്‍പ്പിട പദ്ധതി വഴി വീട് അനുവദിച്ച് കിട്ടുന്നത്. രണ്ടാം ഘട്ടത്തില്‍ ചെന്നീര്‍ക്കര പഞ്ചായത്തില്‍ പതിനെട്ട് വീടുകളാണ് ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ മറ്റ് വീടുകളുടെ പണികള്‍ പൂര്‍ത്തീകരിച്ച് വരികയാണ്. വീടിന്റെ താക്കോല്‍ ദാനം ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കലാ അജിത്ത് നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ജെയിംസ് കെ.സാം, സെക്രട്ടറി ജി.ഹരികുമാര്‍,  പഞ്ചായത്തംഗങ്ങളായ രാധാമണി സുധാകരന്‍, ജി.ഓമനക്കുട്ടന്‍ നായര്‍, തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.