ആരോഗ്യ മേഖല വയനാട് നേട്ടങ്ങളുടെ നെറുകയിലാണെന്ന് പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു. ജില്ലയില്‍ മെഡിക്കല്‍ കോളേജ് സ്ഥാപിക്കണമെന്ന ഒന്നാം പിണറായി വിജയൻ സര്‍ക്കാരിന്റെ സര്‍ക്കാരിന്റെ നിശ്ചയ ദാര്‍ഢ്യത്തിന്റെ ഫലമായാണ് മാനന്തവാടി ജില്ലാ ആശുപത്രിയെ മെഡിക്കല്‍ കോളേജാക്കി ഉയര്‍ത്തിയത്. മെഡിക്കല്‍ കോളേജിനായി 125 അധ്യാപക തസ്തികകളും 15 അനധ്യാപക തസ്തികകളും ഉൾപ്പെടെ 140 തസ്തികകളാണ് സര്‍ക്കാര്‍ അനുവദിച്ചതെന്നും മന്ത്രി പ്രസ്താവനയിൽ പറഞ്ഞു

ഈ സര്‍ക്കാരിന്റെ കാലത്ത് മെഡിക്കല്‍ കോളേജിന് അനുബന്ധമായി നഴ്‌സിങ് കോളേജില്ലാത്ത സ്ഥലങ്ങളില്‍ നഴ്‌സിങ് കോളേജ് ആരംഭിക്കാനുള്ള തീരുമാനമെടുത്തതിന് പിന്നാലെ മാനന്തവാടിയിൽ നഴ്‌സിങ് കോളേജ് അനുവദിച്ചത് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ചരിത്ര നേട്ടമായി. ആശുപത്രിയിൽ കാര്‍ഡിയോളജി വിഭാഗം, കാത്ത് ലാബ് എന്നിവ പ്രവര്‍ത്തനമാരംഭിച്ചതും സൂപ്പര്‍ സ്‌പെഷ്യാലിറ്റി തസ്തികള്‍ അനുവദിച്ചു. നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ അംഗീകാരത്തോടെ ഈ വര്‍ഷം എം.ബി.ബി.എസ് പ്രവേശനത്തിന് അനുമതി ലഭിച്ചതും 50 കുട്ടികള്‍ എം.ബി. ബി.എസ് സീറ്റുകളിലേക്ക് പ്രവേശനം നേടിയതും വികസന നേട്ടമാണ്. ന്യൂറോളജി, ന്യൂറോ സര്‍ജറി, കാര്‍ഡിയോളജി, കാര്‍ഡിയോ തൊറാസിക് സര്‍ജറി, നെഫ്രോളജി സൂപ്പര്‍ സ്‌പെഷ്യാലിറ്റി വകുപ്പുകളിലേക്കായി അസോസിയേറ്റ് പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍, സീനിയര്‍ റസിഡന്റ് എന്നിവ ഉൾപ്പെടെ 15 തസ്തികകളും അനുവദിച്ചു.

മെഡിക്കല്‍ കോളേജില്‍ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി എം.എല്‍.എ ഫണ്ടില്‍ നിന്നും ഒന്‍പത് വര്‍ഷത്തിനകം പത്ത് കോടി രൂപ ചെലവഴിച്ചു. നവകേരള സദസിന്റെ ഭാഗമായി അനുവദിച്ച ഏഴ് കോടി വിനിയോഗിച്ച് സി.ടി സ്‌കാനര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ അടുത്ത ദിവസങ്ങളില്‍ ആശുപത്രിയില്‍ എത്തിക്കും. പോസ്റ്റ് ഓഫീസ് ജംങ്ഷന്‍ മുതല്‍ പഴശ്ശികുടീരം വരെയുള്ള റോഡുകളും ആശുപത്രി ഇന്റേണല്‍ റോഡുകളും ആധുനിക രീതിയില്‍ നവീകരിക്കുന്നതിന് രണ്ട് കോടി അനുവദിച്ച് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചതായും മന്ത്രി പറഞ്ഞു.