തടവിലാക്കപ്പെട്ടവരുടെ ആശ്രിതരായ കുട്ടികളും അക്രമത്തിന് ഇരയാകുന്ന കുട്ടികളും അനുഭവിക്കുന്നതും പലപ്പോഴും അവഗണിക്കപ്പെടുന്നതുമായ പ്രതിബന്ധങ്ങളെ അഭിസംബോധന ചെയ്യാന്‍ കണ്ണൂര്‍ ജില്ലാ ഭരണകൂടം തയ്യാറാക്കിയ ‘സ്പ്രുഹ’ പദ്ധതി പുതിയൊരു കാല്‍വെപ്പിന് തുടക്കം കുറിക്കുകയാണ്. ഒരു രക്ഷിതാവ് തടവിലാകുമ്പോള്‍ അഥവാ ഒരു കുടുംബം കുറ്റകൃത്യത്താല്‍ ശിഥിലമാകുമ്പോള്‍ ആ കുടുംബത്തിലെ കുട്ടി അനുഭവിക്കുന്ന വേദനക്ക് പരിഹാരമൊരുക്കുകയാണ് ‘സ്പ്രുഹ’ (സപ്പോര്‍ടിങ് പൊട്ടന്‍ഷ്യല്‍ ആന്‍ഡ് റസീലിയന്‍സ് ഓഫ് ദ അണ്‍സീന്‍, ഹെല്‍ഡ് ബാക്ക് ആന്‍ഡ് അഫെക്റ്റെഡ്) പദ്ധതിയിലൂടെ. എട്ട് മുതല്‍ 18 വരെ പ്രായമായ കുട്ടികളാണ് പദ്ധതിക്ക് കീഴില്‍ വരിക.

കണ്ണൂര്‍ അസിസ്റ്റന്റ് കലക്ടര്‍ എഹ്‌തെദ മുഫസിര്‍ ആണ് ഈ സംരംഭം ഭാവനം ചെയ്ത് തയ്യാറാക്കിയത്. ജില്ലാ കലക്ടറുടെ ഇന്റേണ്‍സ് പദ്ധതിക്ക് പിന്തുണയേകി. മറ്റേത് കുഞ്ഞുങ്ങളെയും പോലെ ചിരിയും കളിയും സ്വപ്നങ്ങളും തിളങ്ങുന്ന കണ്ണുകളുമായി പാറിപ്പറന്ന അവര്‍, ഏതോ ഒരു അക്രമത്തിന്റെ നിശബ്ദതയില്‍ തടവറയില്‍ ആക്കപ്പെട്ട തങ്ങളുടെ സ്‌നേഹത്തിന്റെ കാത്തിരിപ്പില്‍ നിറം മങ്ങിയവരായിതീരുന്നു എന്ന തിരിച്ചറിവാണ് ‘സ്പ്രുഹ’ക്ക് പിന്നിലെ പ്രചോദനമെന്ന് അസിസ്റ്റന്റ് കലക്ടർ വ്യക്തമാക്കുന്നു. നാഷണല്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റി പദ്ധതി ഔദ്യോഗികമായി അംഗീകരിക്കുകയും നല്‍സയുടെ റീജിയണല്‍ കോണ്‍ഫറന്‍സില്‍ പദ്ധതി ഔദ്യോഗികമായി ലോഞ്ച് ചെയ്യുകയും ചെയ്തിരുന്നു.

ആശ്രിതരെ നേരത്തെ തിരിച്ചറിയല്‍, സൗജന്യ നിയമ സഹായവും പിന്തുണയും, മാനസിക-സാമൂഹിക കൗണ്‍സിലിംഗ്, കുട്ടികളുടെ വിദ്യാഭ്യാസ തുടര്‍ച്ച, ഉപജീവന പിന്തുണ, ഉപേക്ഷിക്കപ്പെട്ടവര്‍ക്ക് അഭയം, കുടുംബങ്ങള്‍ക്കും സമൂഹങ്ങള്‍ക്കുമുള്ള പുനഃസംയോജന നടപടികള്‍ എന്നിവ ഉള്‍പ്പെടുന്ന ഒരു സമഗ്ര സമീപനമാണ് പദ്ധതിക്കുള്ളത്. നിലവില്‍ ലീഗല്‍ സര്‍വീസ് അതോറിറ്റികള്‍, ശിശു സംരക്ഷണ യൂണിറ്റുകള്‍, സ്‌കൂളുകള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവയുടെ സഹകരണത്തിലൂടെ ‘സ്പ്രുഹ’ കുട്ടികള്‍ക്ക് കരുതലും സംരക്ഷണവും ഉറപ്പുനല്‍കുന്നു. അത് അവരിലെ ആത്മവിശ്വാസവും കഴിവുകളും പ്രോത്സാഹിപ്പിക്കും. ‘സ്പ്രുഹ’ വെറുമൊരു പദ്ധതി മാത്രമല്ല ഇനി ഒരു കുട്ടിയുടെയും ബാല്യ കൗമാരങ്ങള്‍ നഷ്ടപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്തുന്ന വാഗ്ദാനം കൂടിയാണ്.

‘ സ്പ്രുഹ’ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജും ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി ചെയര്‍മാനുമായ കെ.ടി നിസാര്‍ അഹമ്മദ് നിര്‍വഹിച്ചു. നിയമ സഹായം മാത്രമല്ല മറ്റെല്ലാ സഹായവും ചെയ്യാന്‍ പ്രതിജ്ഞാബദ്ധമാണെന്നും പൈലറ്റ് പ്രൊജക്ടായി ജില്ലയിലാരംഭിച്ച പദ്ധതി’ മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്നും പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജ് പറഞ്ഞു. പരിപാടിയില്‍ ‘സ്പ്രുഹ’ പദ്ധതിയുടെ ലോഗോയും വീഡിയോയും പ്രകാശനം ചെയ്തു.

ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ അധ്യക്ഷനായി. ജില്ലാ കുടുംബ കോടതി ജഡ്ജ് ആര്‍ എല്‍ ബൈജു, എഡിഎം കലാഭാസ്‌ക്കര്‍, സിറ്റി പോലീസ് കമ്മീഷണര്‍ നിതിന്‍ രാജ്, ലോ ഓഫീസര്‍ എ.എ രാജ്, സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് കെ വേണു, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ദിവ്യ, ജില്ലാതല ഉദ്യോഗസ്ഥര്‍, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.