രാമന്തളി ഗ്രാമപഞ്ചായത്ത് വിനോദ സഞ്ചാര വികസനത്തിന് വഴിയൊരുക്കുമെന്നും ഭൂപ്രകൃതിയാലും കരകൗശലങ്ങളാലും രാമന്തളി ഗ്രാമപഞ്ചായത്ത് വികസന സാധ്യതയുടെ കേന്ദ്രമായി മാറുമെന്നും ടി ഐ മധുസൂദനൻ എം.എൽ.എ പറഞ്ഞു. രാമന്തളി ഗ്രാമപഞ്ചായത്ത് വികസന സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒ കെ കെ സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി ഷൈമ അധ്യക്ഷയായി.

പഞ്ചായത്തിൻ്റെ വികസന നേട്ടങ്ങൾ ഉൾക്കൊള്ളിച്ച പ്രോഗ്രസ് റിപ്പോർട്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.വി വത്സല മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം.വി ഗോവിന്ദനു നൽകി പ്രകാശനം ചെയ്തു. വികസന സദസ്സിനെ കുറിച്ച് ജില്ലാ റിസോഴ്സ് പേഴ്സൺ ഡോ. രവി രാമന്തളി വിഷയാവതരണം നടത്തി. സംസ്ഥാന സർക്കാറിന്റെ വികസന നേട്ടങ്ങൾ കോർത്തിണക്കിയ വീഡിയോ പ്രദർശിപ്പിച്ചു.

ഉത്പാദന, സേവന, വ്യവസായ, പശ്ചാത്തല മേഖലകളില്‍ പഞ്ചായത്ത്‌ നടത്തിയ പ്രവര്‍ത്തനങ്ങളുടെ നേർസാക്ഷ്യമായി വികസന സദസ്സ് മാറി. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മത്സകർഷകർക്കുള്ള പുരസ്ക്കാരത്തിൽ രണ്ടാം സ്ഥാനം, കൈപ്പാട് കൃഷി, തരിശു രഹിത കൃഷിഭൂമി, കേര ഗ്രാമം പദ്ധതി, ടി.ബി മുക്ത പഞ്ചായത്ത്, ജെൻഡർ റിസോഴ്സ് സെൻ്റർ, സ്ത്രീ പദവി പഠനം, ജി ഐ സ് മാപ്പിങ്ങ്, തുടങ്ങി വികസന നേട്ടങ്ങളൾ ജനങ്ങൾക്കു മുന്നിൽ പഞ്ചായത്ത് പ്രസിഡൻ്റ് അവതരിപ്പിച്ചു.

ലൈഫ് ഭവന പദ്ധതി, അതിദാരിദ്ര നിർമ്മാർജ്ജനം, മാലിന്യ സംസ്കരണം, പാലിയേറ്റീവ് കെയർ, പട്ടികജാതി വികസനം, വിവിര സഞ്ചയിക, പത്താമുദയം തുടങ്ങി പഞ്ചായത്തിൻ്റെ വികസന റിപ്പോർട്ട് സെക്രടറി പോൾ എം കുഞ്ഞ് അവതരിപ്പിച്ചു. രാമന്തളി ഗ്രാമപഞ്ചായത്ത് വികസനം പുതിയ തലത്തിലേക്ക് ഉയർത്തുന്നതിനും സമഗ്രമായ മുന്നേറ്റം സാധ്യമാക്കുന്നതിനും പൊതുജനങ്ങൾ നിർദേശങ്ങളും ആശയങ്ങളും മുന്നോട്ടുവച്ചു. പഞ്ചായത്തിനകത്ത് ടൂറിസം സാധ്യത ഉയർത്തുക, അതിദരിദ്രർക്ക് വരുമാനം ഉറപ്പാക്കുക, കാർഷിക രംഗത്ത് പ്രവർത്തിക്കുന്നവരെ സർക്കാർ ജീവനക്കാരായി പരിഗണിക്കുകയോ സ്ഥിരം വരുമാനം നൽകുകയോ ചെയ്യുക, രാമന്തളി സെൻട്രൽ യു പി സ്കൂൾ സർക്കാർ ഏറ്റെടക്കുക, പ്രദേശത്ത് ഒരു കളിസ്ഥലം, ബസ്സ് സ്റ്റാൻ്റ്, ചെറുക്കിട വ്യവസായം പ്രോത്സാഹിപ്പിക്കുക, വന്യമൃഗ ശല്യം പരിഹരിക്കുക, മോണിറ്ററിങ് സംവിധാനം ശക്തിപ്പെടുത്തുക, വില്ലേജ് ഓഫീസിൻ്റെ പണി പൂർത്തീകരിക്കുക, തളി കുടം ജലസ്രോതസ് സംരക്ഷിക്കുക എന്നിങ്ങനെ ഇനി നടപ്പിലാക്കേണ്ട പദ്ധതികളും കൂടുതൽ മെച്ചപ്പെടുത്തേണ്ട മേഖലകളും ഇനി ശ്രദ്ധയൂന്നേണ്ട വികസന പരിപാടികളും ഓപ്പൺ ഫോറത്തിൽ ഉയർന്നുവന്നു.
സദസ്സിനോടനുബന്ധിച്ച് കെ-സ്മാര്‍ട്ട് ക്ലിനിക് ഉണ്ടായിരുന്നു.