തുറവൂർ: വയലാർ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ കേര ഗ്രാമം പദ്ധതി നടപ്പാക്കുന്നു. നാളികേര ഉൽപ്പാദനം ശാസ്ത്രീയമായി വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നടപ്പാക്കുന്ന പദ്ധതിയാണിത്. 250 ഹെക്ടർ കൃഷി ഭൂമിയിലാണ് പദ്ധതി നടപ്പാക്കുന്നത്. 50.17 ലക്ഷം രൂപയാണ് കൃഷിവകുപ്പ് ഇതിനായി നൽകുന്നത്. പദ്ധതിയിൽ ഉൾപ്പെട്ട കർഷകരിൽ നിന്ന് ഗുണഭോക്തൃ വിഹിതം വാങ്ങും. വാർഡ് തല കേര സമിതികൾ രൂപീകരിച്ച് തെങ്ങുകളുടെ സർവേ നടത്തിയാണ് കേരഗ്രാമം പദ്ധതി നടപ്പാക്കുക.
ഇതിനായി 55,750 തെങ്ങുകൾ കണ്ടെത്തി. കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, പഞ്ചായത്ത് അംഗങ്ങൾ, വാർഡ് തല കൺവീനർമാർ എന്നിവരടങ്ങിയ സംഘം കർഷകരുടെ പുരയിടം സന്ദർശിച്ച് തെങ്ങിന് തടമെടുത്ത് പുതയിട്ടിരുന്നു.നിലവിൽ തടം തുറന്ന് പുതയിടാത്ത കർഷകർ ഡിസംബർ പത്തിനകം ഇത് പൂർത്തിയാക്കണം. തടം തുറക്കാൻ തെങ്ങൊന്നിന് 35 രൂപയും പുതയിടാൻ 50 രൂപയുമാണ് നൽകുക. തെങ്ങിന് മരുന്ന് തളിക്കേണ്ട കർഷകർ തെങ്ങൊന്നിന് 20 രൂപയും വളം, കുമ്മായം എന്നിവ ആവശ്യമുള്ള കർഷകർ 26 രൂപ നിരക്കിലും ഡിസംബർ അഞ്ചിനകം കൃഷിഭവനിൽ അടയ്ക്കണം.ഡോളോമെറ്റ്, മഗ്നീഷ്യം, വേപ്പിൻ പിണ്ണാക്ക് എന്നിവയടങ്ങിയ വളകിറ്റിന് 26 രൂപയാണ് വില. പമ്പ് സെറ്റ്, തെങ്ങുകയറ്റ യന്ത്രം, കമ്പോസ്റ്റ് കുഴി നിർമാണം എന്നിവയ്ക്ക് ആനുകൂല്യം ആവശ്യമായ കർഷകരുടെ പട്ടിക വാർഡ് തല യോഗങ്ങൾ വഴി കൃഷിഭവനും വാർഡ് തല കേരസമിതിയും തയാറാക്കുന്നുണ്ട്. വിവരങ്ങൾക്ക് കൃഷിഭവനുമായി ബന്ധപ്പെടണം. പണമടയ്ക്കുന്നവർ ബാങ്ക് പാസ്ബുക്ക്, ആധാർ കാർഡ്, കരം ഒടുക്കിയ രസീത് എന്നിവയുടെ പകർപ്പുകൾ ഹാജരാക്കണമെന്നും കൃഷി ഓഫീസർ പി.ജെ കൃഷ്ണപ്രിയ അറിയിച്ചു.
