* ലോക എയ്ഡ്‌സ് നിവാരണ ദിനാചരണം സംഘടിപ്പിച്ചു
എയ്ഡ്‌സ് പ്രതിരോധ ബോധവൽകരണ പ്രവർത്തനങ്ങളിൽ ലോകം ഇനിയും മുന്നോട്ടു പോകേണ്ടതുണ്ടെന്ന് ഡെപ്യൂട്ടി സ്പീക്കർ വി. ശശി. വി.ജെ.ടി ഹാളിൽ സംഘടിപ്പിച്ച ലോക എയ്ഡ്‌സ് നിവാരണ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബോധവൽകരണ പ്രവർത്തനങ്ങളിൽ ജനപങ്കാളിത്തം വർധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യരംഗത്ത് മികച്ച പ്രവർത്തനത്തിന് ഏർപ്പെടുത്തിയ ജീവൻരക്ഷാ അവാർഡ് മെഡിക്കൽ കോളേജ് കാർഡിയോളജി വിഭാഗം പ്രൊഫസർ ഡോ. എ. ജോർജ് കോശിക്ക് ഡെപ്യൂട്ടി സ്പീക്കർ സമ്മാനിച്ചു. ചടങ്ങിൽ റെഡ് റിബൺ പ്രതിജ്ഞയും അദ്ദേഹം ചൊല്ലിക്കൊടുത്തു. ആന്റി നർകോട്ടിക് ആക്ഷൻ സെന്റർ ഓഫ് ഇന്ത്യ ഡയറക്ടർ കള്ളിക്കാട് ബാബു, മുൻ അഡീഷണൽ സെക്രട്ടറി കെ. സുദർശനൻ, ഡോ. ശാന്തമ്മ മാത്യു, ഡോ. ജയശ്രീ. എസ്. കുമാർ, ഫ്രാൻസിസ് ആൽബർട്ട്, മധുദാമോദർ തുടങ്ങിയവർ സംസാരിച്ചു.
ആന്റി നർകോട്ടിക് ആക്ഷൻ സെന്റർ ഓഫ് ഇന്ത്യ, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ്, കേരള സംസ്ഥാന യുവജന കമ്മിഷൻ, തിരുവനന്തപുരം നഗരസഭ, യൂണിവേഴ്‌സിറ്റി കോളേജ് സ്റ്റുഡന്റ്‌സ് യൂണിയൻ, ഹെറിട്ടേജ് ക്ലബ് ഓഫ് തിരുവനന്തപുരം എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.