കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്ത് ഇരിണാവ് ഗവ. ആയുർവേദ ആശുപത്രിയിലെ ഫിസിയോതെറാപ്പി യൂണിറ്റ് ആരോഗ്യം, വനിതാ,ശിശു വികസന വകുപ്പ് മന്ത്രി വീണ ജോർജ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ 250 ആയുഷ് സ്ഥാപനങ്ങൾക്ക് ദേശീയ അംഗീകാരമായി എൻ എ ബി എച്ച് ലഭിച്ചത് അഭിമാനകരമായ നേട്ടമാണെന്നും ആയുഷ് മേഖലയുടെ പ്രാധാന്യവും സാധ്യതകളും മനസ്സിലാക്കി വെൽനസിനും ചികിത്സയ്ക്കും സർക്കാർ ആശുപത്രികളിൽ പ്രാധാന്യം നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. പരിപാടിയിൽ എം വിജിൻ എം എൽ എ അധ്യക്ഷനായി.
ഇലക്ട്രോതെറാപ്പി മെഷിൻ, ട്രെഡ് മിൽ, ഷോൾഡർ വീൽ, ഗെയ്റ്റ് ട്രെയിനർ, അൾട്രാ സൗണ്ട് തെറാപ്പി, എന്നീ സൗകര്യങ്ങളാണ് ഫിസിയോതെറാപ്പി യൂണിറ്റിൽ ഒരുക്കിയിരിക്കുന്നത്. ആഴ്ചയിൽ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ രാവിലെ ഒൻപത് മണി മുതൽ ഉച്ചയ്ക്ക് രണ്ട് മണിവരെ ഫിസിയോതെറാപ്പിസ്റ്റിന്റെ സേവനം ലഭ്യമാണ്.
കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി പി ഷാജിർ, ജില്ലാ പഞ്ചായത്ത് അംഗം പി പി ദിവ്യ, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ പ്രീത, കല്യാശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി നിഷ, സ്ഥിരം സമിതി അധ്യക്ഷൻ ടി വി രവീന്ദ്രൻ, വാർഡ് മെമ്പർ സി പി പ്രകാശൻ, ഇരണാവ് ഗവ. ആയുർവേദ ആശുപത്രി സി എം ഒ ഡോ. എൻ പി ഷീന വിജയൻ എന്നിവർ സംസാരിച്ചു.
